
നവംബർ 21ന് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, സര്‍ക്കാര്‍ ഏറ്റവും ഫലപ്രദം എന്ന് അവകാശപ്പെട്ട നാല് വിവാദ ലേബർ കോഡുകൾ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. 12 ദിവസങ്ങൾക്ക് ശേഷം, ഡിസംബർ മൂന്നിന്, ന്യൂഡൽഹിയിൽ നടന്ന സിഐഐ ഇന്ത്യ എഡ്ജ് 2025 പരിപാടിയിൽ സംസാരിക്കവേ, കോഡുകൾ 2026 ഏപ്രിൽ മുതൽ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പറയുന്നതിനെക്കാൾ എളുപ്പമാണ് കാര്യങ്ങള്‍ എന്ന് സർക്കാരിന്റെ വിശദീകരണവും വന്നു. എന്നാല്‍ നിയമങ്ങൾ നടപ്പിലാക്കാൻ രാജ്യം ഇപ്പോൾ പാകപ്പെട്ടിട്ടില്ല. നിരവധി തടസങ്ങൾ നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കടുത്ത എതിർപ്പിനും, കൂടിയാലോചനകൾ നടത്താതെ അവ നടപ്പാക്കാൻ ചില സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതിനും പുറമേ ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് വൈകിപ്പിക്കുന്നു. 2025 നവംബർ 21ന് വിജ്ഞാപനം ചെയ്ത നാല് തൊഴിൽ കോഡുകൾ — വേതന കോഡ് 2019, വ്യവസായ ബന്ധ കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ് 2020 — എന്നിവയിലൂടെ, പുതിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള പ്രക്രിയ കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിച്ചു. പക്ഷേ “കടലാസിലെ നിയമം” പ്രായോഗികമാക്കുന്നതിന്, 2026 ഏപ്രിൽ ഒന്ന് വരെയുള്ള കാലപരിധി മതിയാകില്ലെന്നും കൂടുതല്‍ മാസങ്ങൾ എടുക്കുമെന്നും വ്യക്തമാണ്. കാരണം പൂർണമായ നടത്തിപ്പിന് നിയമങ്ങളുടെ അന്തിമരൂപം, ഭരണസംവിധാനങ്ങളുടെ തയ്യാറെടുപ്പ്, തൊഴിലുടമകളുടെ സഹകരണം, സാമൂഹിക സുരക്ഷാ അംഗത്വം, പരിശോധന, നിർവഹണ സംവിധാനങ്ങൾ, തൊഴിലാളികളുടെ സമ്മതം, സംസ്ഥാനങ്ങളിലെ സംയോജനം എന്നിവ ആവശ്യമാണ്. ലേബർ കോഡുകൾക്ക് കീഴിലുള്ള കരട് നിയമങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ ഡിസംബർ മൂന്നിന് പറഞ്ഞു. മുമ്പേ അവ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം, ഇന്നത്തെ കാലവുമായി പൊരുത്തപ്പെടുന്ന തരത്തിൽ വീണ്ടും കരട് നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്നാണ് പറഞ്ഞത്. കരട് നിയമങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം, അന്തിമ വിജ്ഞാപനത്തിനായി അവ സ്ഥിരീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമർപ്പിക്കാൻ സർക്കാർ 45 ദിവസത്തെ സമയം നൽകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഏതാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, വിജ്ഞാപനം ചെയ്ത പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ ഔദ്യോഗികമായി വിസമ്മതിക്കുകയോ ആവശ്യമായ നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നത് ഫലപ്രദമായ നടപ്പാക്കലിനെ തടസപ്പെടുത്തും. നടപ്പാക്കുന്നില്ല എന്നോ കാലതാമസം വരുത്തുകയോ ആണ് അവർ നല്‍കുന്ന സൂചന. “നടപ്പാക്കുന്നില്ല” എന്നാണ് അതിന്റെ ശരിയായ അർത്ഥം. തൊഴിൽ കോഡുകൾ നടപ്പിലാക്കില്ലെന്ന് കേരള സർക്കാർ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്ര തൊഴിലാളി യൂണിയനുകളുമായി കൂടുതൽ കൂടിയാലോചന നടത്താതെ അത് നടപ്പിലാക്കില്ലെന്നാണ് സംസ്ഥാന തൊഴിൽ മന്ത്രി പറഞ്ഞത്. കേന്ദ്ര തൊഴിൽ മന്ത്രാലയ ഡാറ്റ പ്രകാരം, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, ലക്ഷദ്വീപ് (യുടി) എന്നിവ നാല് കോഡുകളിൽ ഒന്നിന്റെയെങ്കിലും ആവശ്യമായ കരട് പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനതല നിയമങ്ങളില്ലാതെ, ആ സംസ്ഥാനങ്ങളില്‍ കോഡുകൾ നടപ്പിലാക്കുന്നത് അപൂർണമായിരിക്കും. വേതന കോഡ് 2019ലെ കരട് നിയമങ്ങൾ മാത്രമേ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി അടുത്തിടെ വരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. മറ്റ് കോഡുകളിലെ നിയമങ്ങൾ പൂര്‍ണമായി അറിയിച്ചിട്ടില്ല. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം, നാല് കോഡുകളിൽ, സോഷ്യൽ സെക്യൂരിറ്റി കോഡിന് കീഴിൽ കരട് നിയമങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതായത് പൂർണമായ നടപ്പാക്കൽ അവിടെയും അവശേഷിക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം തൊഴിൽ കൺകറന്റ് ലിസ്റ്റിൽ ആയതിനാൽ, പുതിയ കോഡുകൾ പ്രകാരം നടപ്പിലാക്കുന്ന നിയമങ്ങൾ കേന്ദ്ര — സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. കരട് നിയമങ്ങൾ പ്രസിദ്ധീകരിക്കാത്തതോ നടപ്പിലാക്കാൻ വിസമ്മതിക്കുന്നതോ ആയ സംസ്ഥാനങ്ങൾ, കോഡുകളുടെ വ്യവസ്ഥകളെ ഫലപ്രദമായി തടയുന്നു. കേന്ദ്രത്തിൽ കോഡുകൾ പ്രാബല്യത്തിലുണ്ടെങ്കിലും, സംസ്ഥാനതല നിസഹകരണം അല്ലെങ്കില്‍ നടപ്പാക്കാത്തത്, പുതിയ കോഡുകൾ പ്രകാരം വാഗ്ദാനം ചെയ്യുന്ന സംരക്ഷണങ്ങൾ പ്രാദേശികമായി ബാധകമാകുമോ എന്ന് തൊഴിലാളികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ, ട്രേഡ് യൂണിയൻ പ്രതിരോധം, തൊഴിലാളി അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് (പ്രത്യേകിച്ച് പിരിച്ചുവിടലുകൾ, കൂട്ടായ വിലപേശൽ, ഗിഗ് വർക്കർ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട്) ചില സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ കോഡുകൾ പൂർണമായും നിരസിക്കാൻ പ്രേരിപ്പിച്ചത്. ഈ സാഹചര്യത്തില്‍ 2026 ഏപ്രിൽ ഒന്നിനുള്ളില്‍ കോഡുകളുടെ ചില ഭാഗങ്ങൾ മാത്രമേ പ്രവർത്തനക്ഷമമാകൂ. പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിന് സർക്കാർ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടിവരും. നവംബർ 21ലെ വിജ്ഞാപനം അവകാശപ്പെടുന്നത് 29 പഴയ കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് പകരം ഒരു ഏകീകൃത ചട്ടക്കൂട് ഉപയോഗിച്ച് മുൻ സംവിധാനത്തെ മാറ്റിസ്ഥാപിച്ചു എന്നാണ്. പ്രത്യക്ഷത്തില്‍ പുതിയ കോഡുകൾ ഇപ്പോൾ രാജ്യത്തിന്റെ നിയമമാണ്. എങ്കിലും സർക്കാർ ഇത് ഫലപ്രദമാണ് എന്ന് പ്രഖ്യാപിക്കുമ്പോഴും ആദ്യ ദിവസം മുതൽ എല്ലാം തടസമില്ലാതെ പ്രവർത്തിക്കുന്നു എന്നര്‍ത്ഥമില്ല. വിജ്ഞാപനം ചെയ്ത ലേബർ കോഡുകൾ പൂർണമായി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ഭരണപരവും നടപടിക്രമപരവുമായ സംവിധാനങ്ങൾ നടപ്പിലാക്കാനും കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 2026–27 സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ കോഡുകളുടെ നിർവഹണം പൂർണമാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാല്‍, കോഡുകളുടെ യഥാർത്ഥ ആഘാതം ഓരോ സംസ്ഥാനവും അവ എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. തൊഴിലുടമകൾക്ക് അവരുടെ ആന്തരിക മാനവശേഷി, ശമ്പളപ്പട്ടിക, കരാർ — തൊഴിൽ നയങ്ങൾ, ജോലി സമയം, ഷിഫ്റ്റ് മാനദണ്ഡങ്ങൾ, സാമൂഹിക സുരക്ഷാ അംഗത്വം, റെക്കോഡുകള്‍ മുതലായവ പരിഷ്കരിക്കാൻ സമയം ആവശ്യമാണ്. പുതിയ കോഡുകളിലെ നിരവധി നിർവചനങ്ങൾ (ഉദാ: തൊഴിലാളി/ജീവനക്കാരൻ), ജോലി സമയ മാനദണ്ഡങ്ങൾ, വേതനത്തിന്റെ നിർവചനം, സാമൂഹിക സുരക്ഷാ കവറേജ്, സുരക്ഷാ മാനദണ്ഡങ്ങൾ മുതലായവയില്‍ മാറ്റമുണ്ടാക്കുന്നു. തൊഴിലുടമകള്‍ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടേണ്ടതുമുണ്ട്. ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ 10 കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി രംഗത്തുണ്ട്. ചരിത്രത്തിലെ ഏറ്റവും ശക്തവും ഏകീകൃതവുമായ ചെറുത്തുനില്പ് ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കോഡുകൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെതിരെ നവംബർ 26ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ നടപ്പിലാക്കലുമായി മുന്നോട്ട് പോയാൽ പ്രകടനങ്ങൾ ശക്തമാക്കുമെന്ന് സംഘടനകൾ അറിയിച്ചു. അടുത്ത കുറച്ച് മാസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളും യൂണിയൻ നടപടികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഏപ്രിൽ ഒന്ന് മുതൽ നിയമം പൂർണമായി നടപ്പിലാക്കുന്നതിനായി സർക്കാർ വേഗത്തില്‍ പ്രവർത്തിക്കുമ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.