25 January 2026, Sunday

Related news

January 25, 2026
December 29, 2025
December 16, 2025
November 27, 2025
November 21, 2025
November 16, 2025
November 13, 2025
November 11, 2025
November 3, 2025
November 2, 2025

മാർത്തോമാ സഭയ്ക്ക് പുതിയ മിഷൻ ഫീൽഡ്: സൗത്ത് വെസ്റ്റ് ബോർഡർ മിഷൻ സെന്റർ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ആശീർവദിച്ചു

ജീമോൻ റാന്നി
എഡിൻബർഗ്, ടെക്സസ്
January 25, 2026 10:26 am

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിയുടെ സൗത്ത്‌വെസ്റ്റ് ബോർഡർ മിഷനിലേക്കുള്ള പാസ്റ്ററൽ സന്ദർശനം.
ഈ സന്ദർശനത്തിന്റെ ഭാഗമായി, ടെക്സസിലെ എഡിൻബർഗിലുള്ള 5411 യൂണിവേഴ്സിറ്റി അവന്യു എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന സൗത്ത്‌വെസ്റ്റ് ബോർഡർ മിഷൻ സെന്റർ സഭയുടെ മിഷൻ പ്രവർത്തനത്തിനായി അഭിവന്ദ്യ തിരുമേനി സമർപ്പിച്ചു.

തിരുമേനിക്കൊപ്പം റവ. ജിജോ എം. ജേക്കബ് (വികാരി, ട്രിനിറ്റി മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ), റവ. സോനു കെ. വർഗീസ് (വികാരി, സെന്റ് തോമസ് മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ & വികാരി, മാർത്തോമാ ചർച്ച്‌ , റയോ ഗ്രാൻഡെ വാലി ), റവ. ഡെന്നിസ് ഏബ്രഹാം (വികാരി, ഓസ്റ്റിൻ മാർത്തോമാ ചർച്ച്; ഭദ്രാസന കൗൺസിൽ അംഗം), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), ജേക്കബ് ഇടിച്ചാണ്ടി (മിഷൻ പ്രതിനിധി) എന്നിവരും പങ്കെടുത്തു.

പുതുതായി സമർപ്പിച്ച മിഷൻ സെന്റർ 7 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടെക്സസ് യൂണിവേഴ്സിറ്റി റിയോ ഗ്രാൻഡ് വാലി (UTRGV), എഡിൻബർഗിലെ പ്രൊഫസർ എമിറിറ്റസും മക്കാലൻ മാർത്തോമാ ഇടവക അംഗവുമായ ഡോ. ജോൺ ഏബ്രഹാം ഭദ്രാസനത്തിന്റെ മിഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു വേണ്ടി നൽകിയതാണ് ഈ വിസ്‌തൃതമായ സ്ഥലം.

യു.എസ്. സൗത്ത്‌വെസ്റ്റ് അതിർത്തിയോടനുബന്ധിച്ച് താമസിക്കുന്ന ഏകദേശം 3,000 ൽ പരം സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്കിടയിൽ മാർത്തോമാ സഭ നടത്തുന്ന മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കും. കൂടാതെ, മെക്സിക്കോയിലെ മാറ്റാമോറോസിലെ മത്സ്യതൊഴിലാളി സമൂഹത്തിനിടയിൽ മിഷൻ ബോർഡ് നടത്തുന്ന സേവന പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം പിന്തുണ നൽകും.
ജനുവരി 11‑ന് ഞായറാഴ്ച സൗത്ത്‌വെസ്റ്റ് മിഷന്റെ പങ്കാളിയായ പുവെന്റസ് ഡി ക്രിസ്തോ (ഒരു പ്രെസ്ബിറ്റേറിയൻ ചർച്ച് മിഷൻ) ഹിഡാൽഗോ കൗണ്ടിയിൽ സംഘടിപ്പിച്ച സ്വീകരണത്തിലും തിരുമേനി പങ്കെടുത്തു. ഈ സംഗമത്തിൽ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, മാനസികാരോഗ്യ പിന്തുണ തുടങ്ങിയ മേഖലകളിൽ പ്രാദേശിക സമൂഹത്തിനായി മിഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് തിരുമേനി പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളിലെ ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും പുരോഗതിക്കും വേണ്ടി ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ഇടവകാംഗമായ ജോൺ തോമസ്‌ (ഷാജൻ) നടത്തുന്ന പ്രയത്നങ്ങളെയും നിസ്വാർത്ഥ സേവനത്തെയും തിരുമേനി മുക്തകണ്ഠം പ്രശംസിച്ചു.

വര്ഷങ്ങള്ക്കു മുമ്പ് ആരംഭിച്ച മെക്സിക്കോ മിഷന് (മാർത്തോമാ കൊളോണിയ ) ശേഷം 2024 നവംബറിൽ തുടക്കം കുറിച്ച സൗത്ത് വെസ്റ്റ് മിഷന്റെ ഭാഗമായാണ് സൗത്ത് വെസ്റ്റ് മിഷൻ സെന്ററിന്റെ ഉത്‌ഘാടനം നടന്നത്.

ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിൽ നിന്നും കൺവീനർ ജോൺ ചാക്കോ (ജോസ്) യുടെ നേതൃത്വത്തിൽ 60 പേരുള്ള ഒരു മിഷൻ സംഘവും റയോ ഗ്രാൻഡെ വാലി (മക്കാലൻ) ഇടവക അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു, സഭകൾ തമ്മിലുള്ള സഹകരണ ശുശ്രൂഷയെ ശക്തിപ്പെടുത്തികൊണ്ട് കൂടുതൽ പ്രവർത്തന ങ്ങളുമായി മുന്നോട്ടു പോകുന്നതിനു സഭയുടെ എല്ലാ പിന്തുണയും തിരുമേനി അറിയിച്ചു.

ജനുവരി 12‑ന് തിങ്കളാഴ്ച മാറ്റമോറോസ്–റെയ്നോസ (മെക്സിക്കോ) കത്തോലിക്ക ഭദ്രാസനത്തിന്റെ ബിഷപ്പ് ഹിസ് ഗ്രേസ് മോൺ. യൂജീനിയോ ആൻഡ്രസ് ലിറ റുഗാർസിയ അധ്യക്ഷനായ ഒരു ചരിത്രപ്രധാനമായ ഏക്യസമ്മേളനത്തിൽ റൈറ്റ് റവ. ഡോ. ഏബ്രാഹം മാർ പൗലോസ് പങ്കെടുത്തു. ഈ സമ്മേളനത്തിൽ, ഇരുവരും ലോക സമാധാനത്തിനായി സംയുക്തമായി പ്രാർത്ഥിക്കുകയും, മാറ്റമോറോസിലെ സമൂഹങ്ങൾക്കിടയിൽ സഹകരണ മിഷൻ പ്രവർത്തനങ്ങളിലേക്കുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

സന്ദർശനത്തിനിടയിലെ പാസ്റ്ററൽ ശുശ്രൂഷയുടെ ഭാഗമായി, കൊളോണിയ മാർത്തോമാ മിഷൻ സമൂഹത്തിൽ നിന്നുള്ള നാലു കുട്ടികളുടെ മാമോദീസ തിരുമേനി നിർവഹിച്ചു. ഇതുവഴി, സഭയുടെ ആത്മീയവും സാമൂഹികവുമായ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ചു.ഈ സന്ദർശനവും മിഷൻ സെന്ററിന്റെ സമർപ്പണവും, ക്രിസ്തുകേന്ദ്രിത സേവനം, അതിർത്തി കവിയുന്ന സഹകരണം, അവഗണിക്കപ്പെട്ട സമൂഹങ്ങൾക്കിടയിലെ സമഗ്ര മിഷൻ പ്രവർത്തനം എന്നിവയിലേക്കുള്ള മാർത്തോമാ സഭയുടെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.