20 May 2024, Monday

തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനൽ കുറ്റമായിട്ടും ഒരു കൂസലുമില്ല; നന്‍പകല്‍ ഉള്‍പ്പെടെ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍

കെ കെ ജയേഷ്
കോഴിക്കോട്
January 22, 2023 9:18 pm

പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകൾ ഇന്റർനെറ്റിൽ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ എച്ച് ഡി റെസൊല്യൂഷനിലുള്ള പകർപ്പുകളാണ് ഓൺലൈനിൽ എത്തിയത്. 

ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് തമിഴ് റോക്കേഴ്സ്, ഫിൽമിസില്ല തുടങ്ങിയ സൈറ്റുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ എത്തിയത്. മികച്ച നിലവാരത്തിലുള്ള ചിത്രത്തിന്റെ പകർപ്പ് ടെലഗ്രാമിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ തിയേറ്ററിലെത്തിയ തമിഴ് ചിത്രങ്ങളായ തുനിവ്, വാരിസ്, തെലുങ്ക് ചിത്രങ്ങളായ വീര സിംഹ റെഡ്ഡി, വാൾട്ടർ വീരയ്യ തുടങ്ങിയ സിനിമകളുടെ വ്യാജ പതിപ്പുകളും ടെലഗ്രാം വഴി പ്രചരിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകേറി സിനിമകൾ തിയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമ്പോൾ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന് നിർമ്മാതാക്കളും തിയേറ്റർ ഉടമകളും വ്യക്തമാക്കുന്നു. റിലീസ് ചെയ്ത ദിവസം തന്നെയാണ് നൻപകൽ നേരത്ത് മയക്കം ഉൾപ്പെടെ നല്ല വിഷ്വൽ ക്ലാരിറ്റിയോടെ ഇന്റർനെറ്റിൽ എത്തിയിട്ടുള്ളതെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. ഇത് കാരണം പെട്ടന്ന് തന്നെ തിയേറ്ററുകളിൽ ആളെത്താതാവുകയാണ്. ഇത്തരം നടപടികൾ തിയേറ്റർ വ്യവസായത്തെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുകയാണെന്നും ഇവർ വ്യക്തമാക്കുന്നു. 

ഇത്തരം നടപടികൾക്കെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടാവുന്നില്ല എന്നതാണ് സിനിമാ പ്രവർത്തകരെ നിരാശരാക്കുന്നത്. വെള്ളം എന്ന സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചപ്പോൾ സൈബർ ഡോമിൽ ഉൾപ്പെടെ നിർമ്മാതാവ് പരാതി നൽകിയിരുന്നു. ഓൺലൈനിൽ എത്തിയതോടെ ചിത്രത്തിന്റെ കലക്ഷൻ കുത്തനെ കുറഞ്ഞിരുന്നു. ഇതോടെയായിരുന്നു പരാതി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. സിനിമ കോപ്പി ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള ഏറ്റവും ആധുനികമായ സംവിധാനം ഉപയോഗിച്ച് ഒ ടി ടി റിലീസിംഗ് നടത്തിയിട്ട് പോലും സിനിമകൾ ചോരുന്ന അവസ്ഥയാണുള്ളതെന്നും സിനിമകളുടെ അണിയറ പ്രവർത്തകർ പറയുന്നു. പരാതികളുണ്ടാവുമെമ്പോൾ ആന്റി പൈറസിം വിംഗും സൈബർ ഡോമും സമൂഹ മാധ്യമങ്ങളിൽ നിന്ന് പ്രിന്റുകൾ നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും പുതിയ പ്രിന്റുകൾ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. വ്യാജ കോപ്പികൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യം ഒരുക്കുന്ന പലരുടെയും വിവരങ്ങൾ നേരത്തെ അധികൃതർ ശേഖരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടികൾ മുന്നോട്ട് പോയില്ല. നേരത്ത പൈറസി വിഷയത്തിൽ ചെറിയ ശിക്ഷാ നടപടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2019 ലെ പുതിയ നിയമ പ്രകാരം സിനിമയുടെ വ്യാജ പ്രിന്റുകൾ കാണുകയോ കൈമാറുകയോ കൈവശം വെക്കുകയോ നിർമ്മിക്കുകയോ ചെയ്താൽ മൂന്ന് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് പുതിയ സിനിമകൾ ചോർത്തുന്ന സ്ഥിതി വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 

ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്താൽ അപ്പോൾ തന്നെ പൈറേറ്റഡ് കോപ്പി ടെലഗ്രാമിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതുകൊണ്ട് ഒടിടി കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാവുന്നുണ്ട്. തിയേറ്റർ റിലീസിന് ശേഷം ഒ ടി ടിയിലെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ്, സൗദി വെള്ളക്ക ഉൾപ്പെടെയുള്ള സിനിമകളെല്ലാം അടുത്ത നിമിഷത്തിൽ തന്നെ ടെലഗ്രാമിലെത്തിയിരുന്നു. ടെലഗ്രാം വഴി സിനിമകൾ കൈമാറുന്നത് വ്യാപകമായതോടെ മലയാള സിനിമകൾ വാങ്ങുന്നത് പല ഒ ടി ടി കമ്പനികളും കുറച്ചിരിക്കുകയാണ്. ഇതും മലയാള സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: New Movies on the Internet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.