6 January 2026, Tuesday

അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ ഇനി പുത്തൂരും; ഇന്ത്യയിലെ ആദ്യ ഡിസൈനര്‍ മൃഗശാല

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 28ന് തുറക്കും
പി ആര്‍ റിസിയ
October 21, 2025 7:00 am

ചില്ലിനപ്പുറത്തുള്ള മൃഗങ്ങള്‍ക്ക് ഉമ്മ കൊടുത്ത് സെല്‍ഫിയെടുക്കുന്നതും താലോലിക്കുന്നതും വിദേശരാജ്യങ്ങളിലെ പതിവ് കാഴ്ചയാണ്. അത്തരം സെല്‍ഫിയെടുക്കാനും മൃഗങ്ങളെ കാണാനുമൊക്കെ ഇനി സിംഗപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കൊന്നും പോകേണ്ട. തൃശൂര്‍ പുത്തൂരിലേക്ക് വന്നാല്‍ മതി. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളുണ്ടിവിടെ. ഓസ്‌ട്രേലിയന്‍ സു ഡിസൈനറായ ജോണ്‍ കോ യുടെ ഡിസൈനിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂ ആയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തിനു ശേഷം രണ്ടു മാസം ട്രയല്‍ റണ്ണായിരിക്കും. ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനമുണ്ടാകും.
പുത്തൂരിലെ വനമേഖലാ സ്ഥലം വനംവകുപ്പും ടൂറിസം വകുപ്പും ചേർന്നുള്ള സംയുക്ത പദ്ധതിയായി വികസിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് 2006-11 കാലഘട്ടത്തിൽ ഒല്ലൂർ എംഎൽഎയായിരുന്ന സിപിഐ നേതാവ് രാജാജി മാത്യു തോമസ് ആയിരുന്നു. അതിനായി പഴയ തൃശൂർ മൃഗശാലയെ പുത്തൂരിലേക്ക് മാറ്റി പുതിയ സൂവോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ അദ്ദേഹം ശക്തമായ ശ്രമം നടത്തി. വനം–ടൂറിസം വകുപ്പുകള്‍ ചേർന്നുള്ള സംയുക്ത പദ്ധതി രൂപത്തിൽ മുന്നോട്ട് വയ്ക്കാൻ മന്ത്രിമാരുമായി നേരിട്ടു ചർച്ച നടത്തി. പദ്ധതി പ്രായോഗികമാക്കാൻ പ്രാഥമിക ഫണ്ടിങിനായി ഡിപിആർ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചതും പദ്ധതിക്ക് തുടക്കം കുറിച്ചതും ഇക്കാലത്താണ്. പാർക്ക് പ്രദേശം ഇക്കോ ടൂറിസത്തോടൊപ്പം വിദ്യാഭ്യാസ കേന്ദ്രമാക്കി വികസിപ്പിക്കാമെന്ന ആശയവും അദ്ദേഹം അവതരിപ്പിച്ചു.
കിഫ്ബി വഴി ലഭിച്ച 331 കോടി ചെലവിലാണ് നിര്‍മ്മാണം. 23 ആവാസ ഇടങ്ങളാണ് പാര്‍ക്കിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്‍ഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാല രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും ഇത് കൂടുതല്‍ സൗകര്യവുമാവും. സഞ്ചാരികളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്.
രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക സോണ്‍ തയ്യാറാക്കുന്നുണ്ട്. പാര്‍ക്കിനുള്ളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ മൃഗശാലയില്‍ നിന്നും മൃഗങ്ങളെയും പക്ഷികളേയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി.
കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളില്‍ നിന്നും വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കില്‍ എത്തിക്കും. കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാര്‍ക്കില്‍ ഒരുങ്ങുകയാണ്. അതോടൊപ്പം പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ പെറ്റ് സൂ കൂടി ഒരുക്കുന്നുണ്ട്. കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളും പക്ഷികളും സ്വസ്ഥമായി വിഹരിക്കാൻ തയ്യാറെടുക്കുകയാണ് പുത്തൂരിൽ. കാട് നശിപ്പിച്ച് കൂടുകൾ പണിയുകയല്ല, പകരം വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കുകയാണ് പുത്തൂർ മൃഗശാലയിൽ. വെറ്ററിനറി ആശുപത്രി സമുച്ചയവും മൃഗങ്ങൾക്കുള്ള ഭക്ഷണ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളും ഇവിടെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പൂമരങ്ങൾ, വള്ളികൾ, ചെറു സസ്യങ്ങൾ, ജല സസ്യങ്ങൾ എന്നിവ ഉൾപ്പെടെ 10 ലക്ഷത്തോളം സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം മുപ്പതുലക്ഷം സഞ്ചാരികൾ പുത്തൂരിലേക്ക് എത്തും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പാർക്കിനോടനുബന്ധിച്ച് സന്ദർശകർക്കായി മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, വിശാലമായ പാർക്കിങ് സ്ഥലം, റിസപ്ഷൻ ആന്റ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ട്രാം സ്റ്റേഷനുകൾ, കഫറ്റീരിയ, അഡ‌്മിനിസ്‌ട്രേറ്റീവ് ഓഫിസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടോയിലറ്റ് ബ്ലോക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തൃശൂരിലേക്ക് ഇനി പൂരം കാണാന്‍ മാത്രമല്ല പുത്തൂര്‍ കാണാനും സന്ദര്‍ശകര്‍ പ്രവഹിക്കും. ലോക സഞ്ചാര ഭൂപടത്തില്‍ തൃശൂരിനെ അടയാളപ്പെടുത്തുന്ന സുവോളജിക്കല്‍ പാര്‍ക്കിലൂടെ ഇനി തൃശൂരിന്റെ മുഖച്ഛായ മാറ്റും. പുത്തൂർ സുവോളജിക്കൽ പാർക്കിനകത്ത് കാഴ്ചക്കാരെ കൊണ്ടുപോകുന്നതിനായി കെഎസ്ആർടിസി ഇലക്ട്രിക് ബസുകളും ഏർപ്പെടുത്തും. തൃശൂരിൽ നിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള ആദ്യത്തെ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസം വിജയകരമായി ട്രയൽ റണ്‍ നടത്തിയിരുന്നു. 28ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനവും അനുബന്ധ പരിപാടികളും ആഘോഷമാക്കാന്‍ വലിയ ഒരുക്കമാണ് പുത്തൂരില്‍ നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉള്ള പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം കൊടിയുയര്‍ന്നു. ഇന്ന് പെറ്റിങ് സൂവിന്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തീയതികളില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.