പൾസർ പുതുതലമുറ N സീരീസ് പൾസറുകളിലൂടെ ബജാജ് വീണ്ടും പുതിയ ബൈക്ക് ഇറക്കിയിരിക്കുന്നു. N പൾസറുമായി കഴിഞ്ഞ ദിവസം കമ്പനി
രംഗത്തെത്തിയിരിക്കുകയാണ്. പൾസർ N125 ആണ് പുതിയ മോഡല്‍, NS125 ആവർത്തനങ്ങൾക്ക് ശേഷം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന മൂന്നാമത്തെ 125 സിസി പൾസർ ആണിത്.
പുതിയ ഷാസി, ഡിസൈൻ, എഞ്ചിൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് പൾസർ N125 കളറാക്കിയിരിക്കുന്നത്. എൽഇഡി ഡിസ്‌ക്, എൽഇഡി ഡിസ്ക് ബിടി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കമ്മ്യൂട്ടർ സ്പോർട് ബൈക്ക് ആകർഷകമായ വിലയിലാണ് എത്തുന്നത്. അങ്ങനെ നോക്കുമ്പോൾ വണ്ടി മൊത്തത്തിൽ ഉഷാറാണ്. എന്നാൽ രണ്ട് വേരിയന്റുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറഞ്ഞിട്ട് വേണം വാങ്ങാൻ.
എൽഇഡി ഡിസ്ക്: ബജാജ് പൾസർ N125 കമ്മ്യൂട്ടർ സ്പോർട് മോട്ടോർസൈക്കിളിന്റെ എൽഇഡി ഡിസ്ക് ബേസ് വേരിയന്റിന് ഇന്ത്യയിൽ 94,707 രൂപയാണ് എക്സ്ഷോറൂം വില വരിക. ടോപ്പ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 4,000 രൂപയോളമാണ് ഇതിന് കുറവ് വരുന്നത്. എൽഇഡി ഹെഡ്‌ലാമ്പും ഷാർപ്പ് സ്റ്റൈലിംഗുമെല്ലാം ഇരു വേരിയന്റുകളിലും സമാനവുമാണ്. ഒപ്പം മുൻവശത്ത് 240 mm ഡിസ്‌ക് ബ്രേക്കും ബജാജ് നിലനിർത്തിയിട്ടുമുണ്ട്. പിന്നെ എവിടെയാണ് മാറ്റമെന്ന് അന്വേഷിക്കുന്നവർക്ക് എൽഇഡി ഡിസ്ക് വേരിയന്റിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളിന് പകരം ഒരു സെമി-ഡിജിറ്റൽ നെഗറ്റീവ് എൽസിഡി സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ടെൽ‑ടെയിൽ ലൈറ്റുകൾ ന്യൂട്രൽ ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് പൊസിഷൻ, ഫ്യൂവൽ ഗേജ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ അറിയാൻ കഴിയും.
ഏറ്റവും പുതിയ പൾസർ N125 ബൈക്കിന്റെ എൽഇഡി ഡിസ്ക് ബേസ് മോഡലിന് 100/90 R17 വലിപ്പമുള്ള ചെറിയ റിയർ ടയറാണ് ബജാജ് ഒരുക്കിയിരിക്കുന്നത് എന്നതും ടോപ്പ് വേരിയന്റിൽ നിന്നും വേറിട്ടുനിർത്തുന്ന സംഗതിയാണ്. എബോണി ബ്ലാക്ക്, കോക്ടെയ്ൽ വൈൻ റെഡ്, പേൾ മെറ്റാലിക് വൈറ്റ്, കരീബിയൻ ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളാണ് ഈ പതിപ്പിൽ വരുക. എൽഇഡി ഡിസ്ക് BT: കമ്മ്യൂട്ടർ സ്പോർട് മോട്ടോർസൈക്കിളിന്റെ ടോപ്പ് വേരിയന്റ് വാങ്ങാനാരിക്കുന്നവർക്ക് 98,707 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. പക്ഷേ അധികമായി മുടക്കുന്ന 4,000 രൂപയ്ക്ക് അധിക ഫീച്ചറുകൾ നൽകിയിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് പ്രധാന ഹൈലൈറ്റ്. ടേൺ ബൈ നാവിഗേഷൻ ലഭിക്കുന്നില്ലെങ്കിലും കോൾ, എസ്എംഎസ് അലേർട്ടുകൾ ഇതിലൂടെ ആക്‌സസ് ചെയ്യാനാവും.
110/80 R17 സൈസുള്ള വലിയ റിയർ ടയറാണ് എൽഇഡി ഡിസ്ക് ബിടി വേരിയന്റിലെ മറ്റൊരു പ്രധാന മാറ്റം. ഇത് മികച്ച കോർണറിംഗ് പ്രകടനം മാത്രമല്ല സ്ഥിരതയും വാഗ്ദാനം ചെയ്യാൻ സഹായിക്കും. പൾസർ N125 ടോപ്പ് മോഡലിന് ഒരു ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ലഭിക്കുന്നു. ഇത് ഒരു സൈലന്റ് സ്റ്റാർട്ട് ഓപ്പറേഷൻ അനുവദിക്കും. ട്രാഫിക്കിലും മറ്റും ബൈക്ക് നിർത്തുമ്പോൾ എഞ്ചിൻ തനിയെ ഓഫാവുന്നതിലൂടെ മൈലേജ് മെച്ചപ്പെടുത്താനും ISG സഹായിക്കും. തിരിച്ച് ക്ലച്ച് വീണ്ടും പിടിക്കുമ്പോൾ എഞ്ചിൻ തനിയെ ഓണാവുകയും ചെയ്യും. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ബേസ് വേരിയൻ്റിനേക്കാൾ 1.5 കിലോഗ്രാം ഭാരം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. കോക്ക്ടെയിൽ വൈൻ റെഡ് വിത്ത് എബോണി ബ്ലാക്ക്, പർപ്പിൾ ഫ്യൂറി വിത്ത് എബോണി ബ്ലാക്ക്, സിട്രസ് റഷിനൊപ്പം പ്യൂറ്റർ ഗ്രേ എന്നീ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളാണ് ടോപ്പ് മോഡലിൽ സ്വന്തമാക്കാനാവുക.
രണ്ട് വേരിയൻ്റുകളിലും ഒരേ 124.58 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 8,500 ആർപിഎമ്മിൽ 11.8 bhp പവറും 6,000 ആർപിഎമ്മിൽ 11 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 5‑സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്ക് ഒരു പുതിയ ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ക്ലാസിക് പൾസർ 125 പതിപ്പിനേക്കാൾ 20 കിലോഗ്രാം ഭാരം കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. വെറും 125 കിലോഗ്രാം ഭാരമാണ് ഏറ്റവും പുതിയ ബജാജ് പൾസർ N125 കമ്മ്യൂട്ടർ സ്പോർട്‌സ് ബൈക്കിനുള്ളത്. 9.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 30 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, 130 എംഎം റിയർ ഡ്രം ബ്രേക്ക്, കോംബി ബ്രേക്കിംഗ് എന്നിവ സ്റ്റാൻഡേർഡായി തന്നെ ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട് കമ്പനി. ഇന്ത്യയിലെ 125 സിസി സെഗ്മെന്റിൽ ടിവിഎസ് റൈഡർ, ഹീറോ എക്സ്ട്രീം എന്നിവയുമായാണ് N125 മത്സരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.