പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമകേസില്‍ അറസ്റ്റിലിരിക്കെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷിബപ്രസാദ് ഹസ്ര എന്ന ഷിബു ഹസ്രയ്‌ക്കെതിരെ പുതിയ ബലാത്സംഗ പരാതി.
ദേശീയ വനിതാ കമ്മിഷന്റെ (എൻസിഡബ്ല്യു) ഇടപെടലിനെ തുടർന്നാണ് സന്ദേശ്‌ഖാലി പൊലീസ് സ്‌റ്റേഷനിൽ പീഡനത്തിനിരയായ സ്ത്രീകള്‍ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (ബലാത്സംഗവുമായി ബന്ധപ്പെട്ടത്) ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ, ഫെബ്രുവരി 17 ശനിയാഴ്ച, സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ഹസ്രയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പാർട്ടി നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളായ രണ്ട് ടിഎംസി നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ജനുവരിയിൽ ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്താൻ പോകുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഒരു സംഘം പ്രദേശവാസികളുടെ ആക്രമണത്തിനിരയായിരുന്നു. ഇതിനുപിന്നാലെ ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവാണ്. തുടര്‍ന്ന് ഷാജഹാൻ ഒളിവില്‍ പോകുകയും ചെയ്തിരുന്നു.
നിരവധി ടിഎംസി നേതാക്കൾക്കെതിരെ ലൈംഗിക ചൂഷണവും ഭൂമി തട്ടിയെടുക്കലും ആരോപിച്ച് ഒന്നിലധികം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. അതേസമയം പരാതി പറയാൻ എത്തിയ സ്ത്രീകളെ തൃണമൂൽ പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോയി നേതാക്കള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
English Summary: New rape complaint filed against Trinamool leader while arrested in sexual assault case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.