
ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. അവസാന മത്സരത്തില്‍ 41 റണ്‍ ജയമാണ് കിവീസ് നേടിയത്. വിരാട് കോലി സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഇതോടെ 2–1നാണ് ന്യൂസിലാന്‍ഡ് പരമ്പര റാഞ്ചിയത്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 ഓവറില്‍ 296 റണ്‍സിന് ഓള്‍ഔട്ടായി. കോലി 108 പന്തില്‍ 10 ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 124 റണ്‍സ് നേടി.
രോഹിത് ശര്‍മ്മയ്ക്കും ശുഭ്മാന്‍ ഗില്ലിനും പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. രോഹിത് 11 റണ്‍സും ഗില്‍ 23 റണ്‍സുമെടുത്ത് പുറത്തായി. മൂന്നാമതായെത്തിയ വിരാട് കോലി ഒരു വശത്ത് റണ്‍സുയര്‍ത്തുമ്പോഴും മധ്യനിരയില്‍ വന്ന ശ്രേയസ് അയ്യരും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലും നിരാശപ്പെടുത്തി. 10 പന്തില്‍ മൂന്ന് റണ്‍സെടുത്ത ശ്രേയസിനെ ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് പുറത്താക്കി. ആറ് പന്തില്‍ ഒരു റണ്‍ മാത്രമാണ് രാഹുലിന് നേടാനായത്. പിന്നാ നിതിഷ് കുമാര്‍ റെഡ്ഡിയുമായി ചേര്‍ന്ന് കോലി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 57 പന്തില്‍ 53 റണ്‍സെടുത്താണ് നിതിഷ് പുറത്തായത്.
പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് അധികനേരം ക്രീസില്‍ തുടരാനായില്ല. 16 പന്തില്‍ 12 റണ്‍സെടുത്ത് ജഡേജ പുറത്തായി. ഹര്‍ഷിത് റാണയെത്തിയതോടെ സ്കോര്‍ വേഗത്തില്‍ ഉയര്‍ന്നു. ഇതിനിടെ കോലി സെഞ്ചുറി തികച്ചു. ഹര്‍ഷിത് ബൗണ്ടറിയും സിക്സറുമായി കളം നിറഞ്ഞതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയെത്തി. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ച് അധികം വൈകാതെ ഹര്‍ഷിതും മടങ്ങി. 43 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. പിന്നീട് കോലിയും മടങ്ങിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.
തകർപ്പൻ സെഞ്ചുറികളുമായി തിളങ്ങിയ ഡറിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് കിവീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഡറിൽ മിച്ചൽ 131 പന്തിൽ 15 ഫോറും മൂന്ന് സിക്‌സും സഹിതം 137 റൺസ് നേടി ടോപ് സ്കോററായി. ഗ്ലെൻ ഫിലിപ്‌സ് 88 പന്തിൽ 106 റൺസ് അടിച്ചെടുത്തു. ഇന്ത്യക്കെതിരെ മിച്ചലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യയായിരുന്നു ആധിപത്യം പുലർത്തിയത്. സ്കോർ ബോർഡിൽ വെറും രണ്ട് റൺസ് മാത്രമുള്ളപ്പോൾ തന്നെ ഡെവൻ കോൺവെ (5), ഹെൻറി നിക്കോൾസ് (0) എന്നീ ഓപ്പണർമാരെ മടക്കി ഇന്ത്യൻ ബൗളർമാർ കിവീസിനെ ഞെട്ടിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ഡറിൽ മിച്ചൽ — ഗ്ലെൻ ഫിലിപ്‌സ് സഖ്യം മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 219 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.