
നവി മുംബൈയിൽ മൂന്ന് ദിവസം പ്രായമുള്ള നവജാതശിശുവിനെ കുട്ടയിൽ ഉപേക്ഷനിലയിൽ കണ്ടെത്തി. ഒപ്പം കുട്ടിയുടെ മാതാപിതാക്കളുടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്നും തങ്ങളോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു പ്രദേശവാസിയാണ് നവി മുബൈയിലെ പാൻവേല മേഖലയിലെ താക്ക കോളനിയിൽ റോഡരികിൽ നീല നിറത്തിലുള്ള ഒരു കുട്ടയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെത്തുകയും കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പും കുട്ടയിൽ നിന്ന് കണ്ടെടുത്തു. അതിൽ കുട്ടിയുടെ മാതാപിതാക്കൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാൽ കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്നും എഴുതിയിരുന്നതായും അധികൃതർ വ്യക്തമാക്കി. കൂടാതെ കുറിപ്പിൽ മാതാപിതാക്കൾ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും മറ്റൊരു വഴിയും ഇല്ലെന്നും എഴുതിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.
പൊലീസ് കുട്ടിയെ ഒരു ശിശുരോഗ വിദഗ്ധനെ കാണിക്കുകയും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
മാതാപിതാക്കൾക്കെതിരെ പാൻവേൽ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.