19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
October 6, 2024
September 22, 2024
September 19, 2024

ന്യൂസ് ക്ലിക്ക്: എഫ്ഐആര്‍ വിചിത്രം

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
October 6, 2023 10:48 pm

മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിലെ റെയ്ഡിനും എഡിറ്റര്‍ ഇന്‍ ചീഫിന്റെ അറസ്റ്റിനും ഡല്‍ഹി പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിരത്തുന്നത് വിചിത്ര വാദങ്ങള്‍. മാധ്യമസ്ഥാപനത്തിന്റെ സ്ഥാപക എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ത, എച്ച്ആര്‍ വിഭാഗം തലവന്‍ അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് തെളിവുകളില്ലാതെ ബാലിശമായ വാദങ്ങളോടെ കുറ്റങ്ങള്‍ ആരോപിക്കുന്നത്. ന്യൂസ് ക്ലിക്കിനുവേണ്ടി ചൈനീസ് മൊബൈല്‍ കമ്പനികളായ ഷവോമിയും വിവോയും വഴി ഷെല്‍ കമ്പനികളിലൂടെ ഇന്ത്യയിലേക്ക് ഫണ്ട് എത്തിച്ചതായി എഫ്ഐആറില്‍ പറയുന്നു.
ചൈനീസ് അനുകൂല പ്രചാരണം നടത്താന്‍ പ്രബിര്‍ പുര്‍കായസ്ത, ഗീത ഹരിഹരന്‍, ഗൗതം നവ്‌ലാഖ, നെവില്‍ റോയ് സിങ്കം, ഗൗതം ഭാട്ടിയ എന്നിവര്‍ ചേര്‍ന്ന് ഗുഢാലോചന നടത്തി. രാജ്യത്ത് ഒരു നിയമ സമൂഹ ശൃംഖല സൃഷ്ടിക്കാന്‍ ശ്രമിച്ചു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത എന്നിവയെ തുരങ്കംവയ്ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും വിധം കര്‍ഷക സമര വാര്‍ത്തകള്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചുവെന്നും എഫ്ഐആര്‍ ആരോപിക്കുന്നു. എന്നാല്‍ വാര്‍ത്തകളുടെ വിശദാംശങ്ങള്‍ എഫ്ഐആറിലില്ല.

അതേസമയം എഫ്ഐആറില്‍ പ്രധാനിയായി വിശേഷിപ്പിക്കപ്പെടുന്ന ഗൗതം ഭാട്ടിയ ഒരു ദുരൂഹ വ്യക്തിത്വമായി അവശേഷിക്കുന്നു. ഇയാള്‍ ആരാണെന്നതിനെക്കുറിച്ച് സൂചനകളില്ല. ഷവോമി, വിവോ എന്നീ കമ്പനികളുടെ നിയമവിഭാഗങ്ങളിലൊന്നും ഗൗതം ഭാട്ടിയ എന്നയാള്‍ ജോലിചെയ്യുന്നില്ല.
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിനായി നിരോധിത സംഘടനയുമായി ചേര്‍ന്ന് പദ്ധതിയിട്ടുവെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണത്തിലും എഫ്ഐആര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നില്ല. നിരോധിത സംഘടന ഏതെന്നും വിശദീകരണമില്ല. അരുണാചല്‍ പ്രദേശ് ഭൂപടവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അടക്കം പ്രസിദ്ധീകരിച്ച വിവരങ്ങളാണ് ഉള്‍പ്പെടുന്നത്. ചോര്‍ന്ന ഇമെയില്‍ വിവരങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇവ തന്റെ ഇമെയിലില്‍ നിന്നും അയച്ചിട്ടുള്ളവയല്ലെന്ന് പ്രബീര്‍ പുര്‍കായസ്ത അറിയിച്ചിരുന്നു.
രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള രണ്ട് ചൈനീസ് കമ്പനികളാണ് ഷവോമി, വിവോ എന്നിവ. ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വലിയ പങ്കാളിത്തമുള്ള ഈ കമ്പനികള്‍ക്ക് നിരവധി സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപമുണ്ട്. അടുത്തിടെ ഇഡി ഈ രണ്ട് കമ്പനികളിലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് ചൈനയിലേക്ക് പണമൊഴുക്കി എന്നതായിരുന്നു അന്നത്തെ ആരോപണം. എന്നാല്‍ ഇപ്പോള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പണം എത്തിച്ചുവെന്ന വൈരുധ്യം നിറഞ്ഞ ആരോപണമാണ് പൊലീസ് ഉയര്‍ത്തുന്നത്.

ഇഡിയുടെ ആരോപണങ്ങള്‍ പകര്‍ത്തി

നേരത്തെ ഇഡിയുടെ എഫ്ഐആറില്‍ നിരത്തിയ അതേ ആരോപണങ്ങളാണ് ഡല്‍ഹി പൊലീസും നിരത്തിയിട്ടുള്ളത്.
ഇഡി എഫ്ഐആറില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രബിര്‍ പുര്‍കായസ്തയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിരുന്നില്ല. എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് വിസമ്മതിച്ചത് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു

ന്യൂ‍ഡല്‍ഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇൻ ചീഫുമായ പ്രബീര്‍ പുര്‍കായസ്ത, എച്ച്ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തി എന്നിവരുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഇടക്കാല ജാമ്യം നല്‍കണമെന്ന ഹര്‍ജികളിലും ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൈനീസ് അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡൽഹി പൊലീസ് നോട്ടീസ് നല്‍കി. മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: News Click: FIR strange

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.