
ഇന്ത്യയിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾ അനുദിനം വർധിച്ചുവരുന്നതായാണ് വിവിധങ്ങളായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി അഞ്ച് ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. ഇതിൽ പലതും ഇടിച്ചു നിരത്തപ്പെടുകയാണ് ചെയ്യുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ ഈ ആക്രമണങ്ങൾ പത്തെണ്ണമായി വർധിക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ശേഖരിച്ച് പ്രസിദ്ധീകരിച്ച ഡാറ്റയിലാണ് ഈ കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ബിഹാർ, കർണാടക, സിക്കിം, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ഭയാനകമാംവിധം ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിരിക്കുന്നത്. ഇതിൽ ഉത്തർപ്രദേശിലാണ് ഏറ്റവും ഹീനമായ രീതിയിൽ ആക്രമണങ്ങൾ പതിവായി നടന്നുവരുന്നത്.
ഔദ്യോഗിക രേഖകളിലൊന്നും രജിസ്റ്റർ ചെയ്യപ്പടാതെ പോകുന്ന ഈ അക്രമങ്ങൾ നടത്തുന്നത് മുഴുവൻ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകളും വ്യക്തികളുമാണെന്നാണ് യുസിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ഹിന്ദി മാധ്യമങ്ങൾ ഈ വാർത്തകളെ വിഴുങ്ങുകയാണ് പതിവ്. ഇത്തരം സംഭവങ്ങളെല്ലാം ഇന്ത്യൻ ഭരണാധികാരികളുടെ ശ്രദ്ധയിൽ നിരവധി തവണ പെടുത്തിയിട്ടും അക്രമങ്ങൾ കൂടുന്നതല്ലാതെ കുറയാത്തതുകൊണ്ട് വത്തിക്കാന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം റോമിന് നൽകിയിരിക്കുകയാണ് യുസിഎഫ്. വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ബെല്ലാഗറിനാണ് മെമ്മോറാണ്ടം കൈമാറിയിരിക്കുന്നത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ ടി ക്യൂട്ടോയാണ് യുസിഎഫിനുവേണ്ടി മെമ്മോറാണ്ടം കൈമാറിയത്.
ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണങ്ങളെ കാറ്റിൽപ്പറത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് പഞ്ചാബിലെ ഭട്ടിൻഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളിയായ വൈദികൻ ഫാദർ ജോസ് വള്ളിക്കാട്ട് ഈ ലേഖകനോട് പറഞ്ഞത്. രാഷ്ട്രീയത്തിനുപരിയായി മതാത്മകമായ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടാണ് ഹൈന്ദവ ഫാസിസ്റ്റുകൾ ക്രൈസ്തവ സഭകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുസിഎഫ് പോലുള്ള സംഘടനകൾക്കുപുറമേ വിവിധ സർക്കാരുകളുടെ കൈവശമുളള ഡാറ്റകളും ഈ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ്.
കേവലം വോട്ടുരാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ നടത്തിത്തുടങ്ങിയിരിക്കുന്നത്. ആർഎസ്എസിന്റെ നൂറാം വാർഷികം നടക്കുന്ന ഈ സന്ദർഭത്തിൽ ഹൈന്ദവേതര മതക്കാരെ അരികുവൽക്കരിക്കുകയോ അന്യവൽക്കരിക്കുകയോ ചെയ്യാനുള്ള തീവ്രപരിപാടികൾ നാഗ്പൂരിൽ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞു. മണിപ്പൂരിൽ നൂറു കണക്കിന് ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർന്ന് വീണുകൊണ്ടിരിക്കുമ്പോഴും നരേന്ദ്ര മോഡി മൗനം തുടരുന്നത് ഈ ആസൂത്രണത്തിൽ അദ്ദേഹവും പങ്കാളിയാണെന്നത് കൊണ്ടാണ്. അറിവും അക്ഷരവും ഗോത്രവർഗക്കാർക്കും ദളിത് വിഭാഗത്തിനും പകർന്നു കൊടുക്കുന്ന ക്രൈസ്തവ പാതിരിമാരെ ചുട്ടുകൊന്നാൽ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തിന് പടർന്നു പന്തലിക്കാൻ കഴിയൂ എന്ന അബദ്ധധാരണ സംഘപരിവാരത്തിന് മുന്നേയുള്ളതാണ്. അതുകൊണ്ടാണല്ലോ അവർ ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നത്.
മണിപ്പൂരിൽ നടക്കുന്നത് കേവലം ഗോത്രങ്ങൾ തമ്മിലുള്ള കൈയ്യാങ്കളിയാണെന്ന് ആവർത്തിച്ചുപറയുന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വംശഹത്യയുടെ കർട്ടൻ റൈസറാണ് അവിടെ കാണുന്നത്. മതത്തിന് മേൽജാതികളും ഉപജാതികളും അവരവരുടെ സ്വത്വം തേടുന്ന ഇന്ത്യയെന്ന ആശയത്തിന് മേൽ ഹിന്ദുത്വയെ പ്രതിഷ്ഠിക്കാനുള്ള വളരെ ആസൂത്രിതമായ സമവാക്യങ്ങൾ സൃഷ്ടിക്കാൻ ആർഎസ്എസ് കിണഞ്ഞുപരിശ്രമിക്കുന്നത് കേവലാധികാരത്തിന് വേണ്ടിയാണെന്ന് ഇന്ത്യയെപ്പറ്റി പഠിക്കുന്ന ആരും വിചാരിക്കുന്നില്ല. ശ്രീരാമൻ എന്ന ഏകബിംബത്തിന്റെ കാലം കഴിഞ്ഞുവെന്ന് കൗശലക്കാരായ ആർഎസ്എസ് നേതൃത്വത്തിനറിയാം. അവിടെയാണ് മറ്റ് മതസ്ഥർക്കെതിരെയുള്ള ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നത്. ഇന്ത്യാ വിഭജനകാലത്തുണ്ടായ അതേതരത്തിലുള്ള മതകലഹങ്ങൾ തനിയേ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം ഇന്നില്ല. ഇനി അത്തരം കലഹങ്ങൾ മനഃപൂർവമായി ഉല്പാദിപ്പിക്കപ്പെടണം. മുസ്ലിം വിഭാഗത്തെ അവരിപ്പോൾ കാണുന്നത് ഒരു സോഫ്റ്റ് ടാർജറ്റായിട്ടാണ്. സായുധമായി ആക്രമിക്കാതെ, സിഎഎ പോലുള്ള കറുത്ത നിയമങ്ങൾ സൃഷ്ടിച്ച് സംഘപരിവാരം ആ സമൂഹത്തെ മുൾമുനയിലാക്കും. കുറേയധികം പേർ ഇപ്പോൾത്തന്നെ രാജ്യമില്ലാത്തവരായി മാറിക്കഴിഞ്ഞു.
ശതമാനക്കണക്കിൽ ഇന്ത്യയിൽ ക്രൈസ്തവരുടെ എണ്ണം കുറവാണെങ്കിലും ചരിത്രാതീത കാലം മുതൽ ക്രിസ്തുദർശനം ആഴത്തിൽ സ്വാധീനിക്കപ്പെട്ട നാടാണ് ഇന്ത്യ. അവർ അക്ഷരത്തെയും അറിവിനെയും കുത്തകയാക്കിവയ്ക്കാതെ സമൂഹത്തിന്റെ അടിത്തട്ടിലെത്തിച്ചു. വിഭിന്ന സഭകളും ആരാധനാരീതികളുമായി വർത്തിച്ചപ്പോഴും സാമൂഹിക ഇടപെടലുകളിൽ എപ്പോഴും സജീവമായിരുന്നു. ദേവസഹായം പിള്ളയും മാർ ഇവാനിയോസ് തിരുമേനിയും മദർ തെരേസയുമൊക്കെ ഉദാഹരണങ്ങൾ. ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥം അർത്ഥവും വ്യാഖ്യാനങ്ങളും മനസിലാക്കി പഠിച്ചവരിൽ എല്ലാ മതസ്ഥരുമുണ്ടായിരുന്നു. ഹിന്ദു വീടുകളിൽ പോലും ക്രിസ്തുവിന്റെ വിവിധ ഭാവങ്ങളിലുള്ള രൂപങ്ങൾ വച്ച് മെഴുകുതിരി കത്തിക്കുന്ന രീതി തെക്കെയിന്ത്യയിൽ വ്യാപകവുമായിരുന്നു. അതുകൊണ്ട് തന്നെയാണ് പള്ളികളിലെ പല ആരാധനാരീതികളിലും ഹൈന്ദവ മാതൃകകൾ കടന്നുവന്നത്. കുരുത്തോല പ്രദിക്ഷണവും 10 ദിവസത്തെ തിരുനാളാഘോഷവും ഒക്കെ തദ്ദേശീയരെ ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടുപോകാനുള്ള ക്രിസ്തുമതത്തിന്റെ സാഹോദര്യ ഭാവമായിരുന്നു.
പാതിരിമാർ അക്ഷീണം പരിശ്രമിച്ച് ഉണ്ടാക്കിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാൻ ആർഎസ്എസ് നേതാക്കളുടെ കുടുംബക്കാർ പോലും ഇപ്പോഴും ശ്രമിക്കുന്നത് വെറുതെയല്ല. വിദ്യാഭ്യാസ മേഖലയിൽ അവർ നിർമ്മിച്ചെടുത്ത ഔന്നത്യം അത്രമേലായിരുന്നു. ഇതൊക്കെ തകർക്കാനാണ് ഇപ്പോഴത്തെ സംഘ്പരിവാർ ശ്രമം. രാജ്യത്താകമാനം 58,000 ഏകാധ്യാപക വിദ്യാലയങ്ങൾ സൃഷ്ടിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിത്തുപാകാൻ സംഘപരിവാരം കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗീതാ പ്രസ് പോലുള്ള പിന്തിരിപ്പൻ സ്ഥാപനങ്ങളുടെ പണക്കരുത്തും മതഭ്രാന്തും ഉപയോഗിച്ച് ഹിന്ദി ബെൽറ്റിൽ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള ലഘുലേഖകളും വക്രീകരിച്ച രാമന്റെയും കൃഷ്ണന്റെയും കഥകൾ പ്രചരിപ്പിക്കുന്നു. പക്ഷേ അതിനുമപ്പുറം നിലവാരമുള്ള വിദ്യാലയങ്ങളോ കോളജുകളോ നിർമ്മിക്കാൻ സംഘപരിവാരത്തിനായിട്ടില്ല. മനുഷ്യസ്നേഹത്തിന് പകരം മതസ്നേഹം പ്രചരിപ്പിക്കാൻ നടക്കുന്ന ഒരു പ്രസ്ഥാനത്തിനും വിദ്യാഭ്യാസ മേഖലയിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. കാരണം വിദ്യാഭ്യാസം എന്നത് വിശ്വാസമല്ല, ശാസ്ത്രമാണ്. നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്തവ വേട്ട തുടരുമ്പോഴും ഞങ്ങളാണ് നിങ്ങളുടെ ശരിയായ രക്ഷകർ എന്ന മട്ടിലാണ് കേരളത്തിലെ ബിജെപി നേതാക്കൾ വിവിധ സഭാ ആസ്ഥാനങ്ങളിൽ കേക്കുമായി കടന്നുചെല്ലുന്നത്. കേരളത്തിൽ 18.38 ശതമാനത്തോളം വരുന്ന ക്രൈസ്തവജനതയെ പ്രീണിപ്പിക്കാൻ അവര്‍ ശ്രമിക്കുന്നത് വോട്ടുനേടാനുള്ള തന്ത്രം മാത്രമാണ്. ആ തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവ ജനതയ്ക്കുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് വിരോധവും നെഹ്രുവിയൻ മതേതരത്വത്തിനെതിരെയുള്ള എതിര്‍പ്പും തലയ്ക്കുപിടിച്ച ചില മെത്രാന്മാർ ബിജെപി നേതാക്കളെ മാലയണിയിക്കാൻ പോകുന്നുണ്ട്. അത് തങ്ങളുടെയും ഒരു തന്ത്രമാണെന്ന പഴയ നിലപാട് തിരുത്തപ്പെടണം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇക്കാലത്ത് ബിജെപി നേതാക്കളോടൊപ്പം വെളുക്കെ ചിരിച്ച് നിൽക്കുന്ന ചിത്രങ്ങൾ മണിപ്പൂരിൽ എങ്ങനെയാണ് രാഷ്ട്രീയമായി ഉപയോഗിക്കേണ്ടതെന്ന് ആർഎസ്എസ് ടെക്കികൾക്ക് അറിയാം. ഉത്തരേന്ത്യയിൽ മാത്രമല്ല നമ്മുടെ തൊട്ടടുത്ത കർണാടകത്തിലും ക്രൈസ്തവവേട്ട തുടരുന്നത് കണ്ടിട്ടും കേരളത്തിലെ ചില സഭാധ്യക്ഷന്മാരും മിണ്ടാതിരിക്കുന്നതിന്റെ കാരണം എന്തുതന്നെയായാലും അത് നല്ലതിനല്ല. ജനാധിപത്യത്തിൽ എതിർപ്പിന്റെ സ്വരങ്ങൾക്കാണ് പ്രസക്തി. ഒരു പ്രമുഖ മലയാളം വാരികയിൽ ഫാ. പോൾ തേലക്കാടന്റെ ഒരു അഭിമുഖം അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ സഭാ നേതൃത്വങ്ങൾ ആ അഭിമുഖം പഠിക്കണം. ബൈബിൾ ആഖ്യാനങ്ങളിലും ആരാധനാ രീതീകളിലും നമുക്ക് പരസ്പരം കലഹിക്കാം. തർക്കങ്ങൾ നടത്താം. ജനാധിപത്യ കോടതികളിൽ വ്യവഹാരങ്ങൾ നടത്താം. പക്ഷേ വംശഹത്യയുടെ തേച്ചുമിനുക്കിയ വാളുകളുമായി അഭിനവ ഭസ്മാസുരന്മാർ ചുറ്റുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.