ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപിയുടെ പുതിയ നീക്കം. നിരോധിത സിഖ് സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പില്‍ നിന്ന് കെജ്‌രിവാള്‍ സംഭാവന സ്വീകരിച്ചെന്ന പരാതിയില്‍ എന്‍ഐഎ അന്വേഷണത്തിന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ശുപാര്‍ശ ചെയ്തു.
വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി അഷൂ മോംഗിയയുടെ പരാതിയിലാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. 2014 നും 2022 നും ഇടയിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് ആം ആദ്മി പാർട്ടിക്ക് 130 കോടി രൂപ ധനസഹായം ലഭിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.
1993 ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ദേവീന്ദർ പാൽ സിങ് ഭുള്ളറുടെ മോചനം സാധ്യമാക്കുന്നതിന് വേണ്ടിയാണ് പണം നല്‍കിയതെന്നും പരാതിയിലുണ്ട്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
നേരത്തെ ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ എഎപിക്ക് 130 കോടി രൂപ സംഭാവന നല്‍കിയെന്ന് വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതും ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപി ഏജന്റാണെന്നും മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കിനില്‍ക്കെയാണ് ആംആദ്മി പാര്‍ട്ടിയും ബിജെപിയും വീണ്ടും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏഴ് സീറ്റുകളിലും ബിജെപി ജയിച്ചിരുന്നു. ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. എന്നാലത് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി മദ്യനയക്കേസില്‍ കളളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
English Summary: NIA investigation against Arvind Kejriwal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.