
ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വ്യക്തികളിലൊരാളാണ് പിടിയിലായ ഡോ. ഷഹീന്‍ ഷാഹിദെന്ന് അന്വേഷണ ഏജന്‍സികള്‍. കോഡ് ഭാഷയിലാണ് ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിന്റെ ആശയ വിനിമയങ്ങള്‍ നടന്നതെന്നും കണ്ടെത്തി.
തീവ്രവാദ ശൃംഖലയിലെ കൂട്ടാളികള്‍ക് ഡോ. ഷഹീനെ ‘മാഡം സര്‍ജന്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക ചാറ്റ് വിവരങ്ങളും ചിലരുടെ മൊബൈല്‍ നമ്പറുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ‘മാഡം എക്സ്’, ‘മാഡം ഇസഡ്’ എന്നീ പേരുകളില്‍ സേവ് ചെയ്ത രണ്ടു നമ്പരുകളിലേക്ക് ഷഹീന്‍ നിരന്തരം സന്ദേശം അയച്ചിരുന്നു. ഈ നമ്പറുകളില്‍ നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോണ്‍ കോളുകളും വന്നിരുന്നു. ഈ രണ്ട് കോണ്‍ടാക്ടുകള്‍ക്കും ഷഹീന്റെ ഫോണില്‍ ഡിസ്പ്ലേ ചിത്രം ഉണ്ടായിരുന്നില്ല. ഇവരുമായുള്ള ചാറ്റില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.
മാഡം എക്സ്, മാഡം ഇസഡ് എന്നിവരുമായുള്ള ചാറ്റുകളില്‍ ‘മരുന്ന്’ എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. ‘ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത്’ എന്നാണ് ഒരു സന്ദേശത്തില്‍ മാഡം എക്സ് പറഞ്ഞിരുന്നത്. ഇതില്‍ ‘ഓപ്പറേഷന്‍’ എന്ന് സൂചിപ്പിക്കുന്നത് ഭീകരാക്രമണത്തെയാണെന്നും ‘മരുന്ന്’ എന്നത് സ്ഫോടക വസ്തുക്കള്‍ക്കാണെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
ഷഹീന് ലഭിച്ച മറ്റൊരു സന്ദേശത്തില്‍ ‘മാഡം സര്‍ജന്‍, ഓപ്പറേഷന്‍ ഹംദാര്‍ദില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം’ എന്നാണുണ്ടായിരുന്നത്. മാഡം ഇസഡ് എന്ന പേരില്‍ സേവ് ചെയ്ത നമ്പരില്‍ നിന്നാണ് ഈ സന്ദേശം വന്നത്. ജെയ്ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് ‘ഓപ്പറേഷന്‍ ഹംദാര്‍ദ്’ എന്ന പേരുകൊണ്ട് ഉദേശിച്ചതെന്നും അന്വേഷക സംഘം കണ്ടെത്തി.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയായിരുന്നു ഡോ. ഷഹീന്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തികമായി ദുര്‍ബലമായി നില്‍ക്കുന്ന യുവതികളെ ധനസഹായം നല്‍കാമെന്ന് പറഞ്ഞാണ് ഡോ. ഷഹീന്‍ കൂടെ കൂട്ടിയിരുന്നത്. ‘ബുര്‍ഖ’ ധരിക്കാത്തവരും ആഡംബരപൂര്‍ണമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
‘ഡി-6 ദൗത്യം’, എന്നപേരിലാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഡോ. ഷഹീനില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍, ഡയറികള്‍, ആസൂത്രണ കുറിപ്പുകള്‍ എന്നിവ ഇപ്പോള്‍ കേസിന്റെ കേന്ദ്രബിന്ദുവാണ്. ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികകള്‍, റിക്രൂട്ട്മെന്റ് വിവരങ്ങള്‍, ഫണ്ട് നീക്കങ്ങള്‍, സുരക്ഷിത ആശയവിനിമയ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉമര്‍, മുസമ്മില്‍, ഷഹീന്‍ എന്നിവര്‍ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി ഒരു ജെയ്ഷെ മുഹമ്മദിന്റെ കൈകാര്യക്കാരന്‍ വഴി 20 ലക്ഷം രൂപയുടെ ഹവാല ഇടപാട് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്, ഈ പണം റിക്രൂട്ട്മെന്റ്, സുരക്ഷിത താവളങ്ങള്‍, സുരക്ഷിത ഫോണുകള്‍, രഹസ്യാന്വേഷണം എന്നിവയ്ക്കായുള്ള ഫണ്ടായിരുന്നുവെന്നും സംശയിക്കുന്നു.
അതേസമയം ഡോക്ടര്‍ മൊഡ്യൂള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമാണെന്ന് മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എൻഐഎ പറയുന്നു. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നായിരുന്നു. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.