ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ നിദ ഫാത്തിമ എന്ന പത്ത് വയസുകാരി മരിച്ചതുമായി ബന്ധപ്പെട്ട് സെെക്കിൾ പോളോ ഫെഡറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി. നിദയുൾപ്പടെയുള്ള ടീം അംഗങ്ങള്‍ക്ക് ഭക്ഷണവും താമസവും നൽകിയിരുന്നു. അവരുടെ ഇഷ്ടപ്രകാരമാണ് താമസ സൗകര്യം തിരഞ്ഞെടുത്ത് എന്നും സെക്രട്ടറി വിശദീകരിച്ചു. കാര്യങ്ങൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നിദയുടെ മരണത്തിന് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ ഉത്തരവാദികളാണെന്നാരോപിച്ച് കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവോടെ മത്സരിക്കാനെത്തിയ ടീമിന് ഭക്ഷണം, താമസം, ഗതാഗത സൗകര്യം തുടങ്ങിയവ നൽകിയില്ലെന്നും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവുകൾ ലംഘിച്ചെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. ടീമംഗങ്ങൾക്ക് ഭക്ഷണവും താമസവും നൽകാതിരുന്നതിനാൽ പ്രദേശത്തെ ഡോർമെറ്ററിയില്‍ താമസിക്കേണ്ടിവന്നു. ഇവിടെ വെച്ച് രോഗബാധിതയായ നിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിസംബര്‍ 22ന് രാവിലെ പത്തിന് മരിച്ചു.
കേരള സൈക്കിൾ പോളോ അസോസിയേഷൻ സെലക്ട് ചെയ്ത ടീമെന്ന നിലയിൽ മത്സരത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി ഉത്തരവോടെയെത്തിയവർക്ക് സൗജന്യ താമസം ഉൾപ്പെടെ നൽകാനുള്ള ഉത്തരവാദിത്തം സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യക്കുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.
ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് നേരത്തെ പരിഗണിക്കവെയാണ് ഫെഡറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈകോടതി ഉത്തരവിട്ടത്. അതേസമയം, സൈക്കിൾ പോളോ ഫെഡറേഷന്‍റെ വിശദീകരണത്തെ സൈക്കിൾ പോളോ കേരള അസോസിയേഷൻ എതിർത്തു. ഒരു തരത്തിലുമുള്ള സൗകര്യങ്ങളും ഫെഡറേഷൻ ഒരുക്കിയില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഉൾപ്പെടുന്ന വലിയ മേളയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു. കേരളത്തിൽ നിന്ന് കോടതി ഉത്തരവ് നേടിയെത്തിയ സംഘമെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ ഉൾപ്പെടുന്ന സംഘത്തെ മാറ്റിനിർത്തി. താമസസൗകര്യം നിഷേധിച്ചു കൊണ്ടുള്ള ഫെഡറേഷൻ അധികൃതരുടെ ഓഡിയോ സന്ദേശമുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദമായി സത്യവാങ്മൂലം ഈ മാസം 16ന് സമർപ്പിക്കാൻ ഫെഡറേഷന് ഹൈക്കോടതി നിർദേശം നൽകി. ജനുവരി 23ന് കേസ് വീണ്ടും പരിഗണിക്കും.
English Summary:Nida Fatima’s death: Federation’s explanation that food and accommodation were provided at will
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.