
ഗോവയിലെ അർപോറയിൽ നിശാക്ലബ്ബിനു തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതികളും ക്ലബ്ബിന്റെ ഉടമകളുമായ ലുത്ര സഹോദരങ്ങള്‍ തായ്‌ലൻഡിൽ അറസ്റ്റില്‍. ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഗോവ പൊലീസ് അറിയിച്ചു. ഇരുവരുടെയും കൈകളില്‍ വിലങ്ങണിയിച്ച നിലയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന ഉടൻ തായ്‌ലൻഡിലേക്ക് കടന്ന ഇവരെ പിടികൂടാൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തായ്‌ലൻഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിന് രാത്രിയിലാണ് പനാജിക്ക് സമീപമുള്ള അർപോറയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായത്. 20 ക്ലബ് ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളുമുൾപ്പെടെ 25 പേർക്ക് ജീവൻ നഷ്ടമായി. ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലബ്ബ് പ്രവർത്തിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമെന്ന് കണ്ടെത്തി. ക്ലബ്ബിന്റെ ഉൾവശത്ത് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെടാനുള്ള മതിയായ വഴികൾ ക്ലബ്ബിൽ ഒരുക്കിയിരുന്നില്ല.അപകടത്തെ തുടർന്ന് ഉടൻ തന്നെ കേസെടുത്ത പൊലീസ് ക്ലബ്ബിലെ ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ ഫുക്കറ്റിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായി. ഇരുവരുടെയും ബിസിനസ് പങ്കാളിയായ അജയ് ഗുപ്തയും പിന്നീട് പൊലീസ് പിടിയിലായി.
ലുത്ര സഹോദരങ്ങൾ ഡല്‍ഹി കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. ക്ലബ്ബിലെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ജാമ്യഹര്‍ജിയിലെ പ്രധാനവാദം. നിശാ ക്ലബ് നടത്തുന്നത് പാര്‍ട്ണര്‍മാരും മാനേജര്‍മാരും ചേര്‍ന്നാണ്. സംഭവം നടക്കുമ്പോള്‍ തങ്ങള്‍ അവിടെ ഇല്ലായിരുന്നുവെന്നും അതിനാല്‍ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നും ഇരുവരും വാദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.