12 February 2026, Thursday

Related news

February 12, 2026
February 9, 2026
January 14, 2026
November 27, 2025
November 26, 2025
November 24, 2025
November 20, 2025
November 20, 2025
November 19, 2025
November 18, 2025

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

Janayugom Webdesk
February 12, 2026 4:36 pm

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ഈ ടീസർ നൽകുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും കാണിച്ചു തരുന്നുണ്ട്.

ശിവൻ ശ്രീരാമന് സമ്മാനിച്ച ദിവ്യ രാജദണ്ഡമായ ചെങ്കോലിന്റെ പുരാണവുമായി ചേർന്നാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നാടുകടത്തപ്പെടുന്ന ചെങ്കോലിനു വേണ്ടി യുദ്ധങ്ങൾ നടക്കുന്നു. എങ്കിലും അത് സ്വന്തമാക്കാൻ ആർക്കും കഴിയുന്നില്ല. ഈ നിർണായക ഘട്ടത്തിൽ, ശക്തിയെ മാത്രമല്ല, അചഞ്ചലമായ ധീരതയെയും ആശ്രയിക്കുന്ന നിർഭയനായ ഒരു യോദ്ധാവായി ചിത്രത്തിലെ നായകൻ ഉയർന്നുവരുന്നു. ധർമ്മത്തിൻറെ പുനരുത്ഥാനത്തിനായുള്ള യുദ്ധം അദ്ദേഹത്തിൻറെ വിധിയായി മാറുന്നു.

ചെങ്കോലിന്റെ പുരാതന ഉത്ഭവം പര്യവേക്ഷണം ചെയ്തുകൊണ്ട്, ചരിത്രത്തിന്റെ അത്ര അറിയപ്പെടാത്ത ഒരു അധ്യായം ആണ് സംവിധായകൻ ഈ ചിത്രത്തിലൂടെ പര്യവേക്ഷണം ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് അദ്ദേഹം ഒരുക്കുന്നത്. നിഖിൽ സിദ്ധാർത്ഥ തന്റെ ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. നീണ്ട മുടി, ചുരുണ്ട മീശ, പരുക്കൻ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് അദ്ദേഹം ഇതിലെത്തുന്നത്. അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ സൂചിപ്പിക്കുന്നു.

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഇവർ രണ്ടു പേരും, സുബ്ബരാജു, സുനിൽ തുടങ്ങിയ താരങ്ങളും ടീസറിന്റെ ഭാഗമാണ്. ഹൈദരാബാദിലെ പ്രസാദ് പി. സി. എക്സ് തിയേറ്ററിൽ 3ഡി ഫോർമാറ്റിൽ ആദ്യമായി പ്രദർശിപ്പിച്ച ടീസർ, കാണികളെ വിസ്മയിപ്പിക്കുന്ന നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും, സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സും ടീസറിന്റെ മികവ് ഉയർത്തുന്നുണ്ട്.

വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് — തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം — വിജയ് കാമിസേട്ടി, ആക്ഷൻ — കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ — രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ — ശബരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.