വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്‌താവനയിലൂടെ അറിയിച്ചു. എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്എഫ്ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്‌തത് — എസ്‌എഫ്‌ഐ പത്രക്കുറിപ്പിൽ പറഞ്ഞു.
English Summary: Nikhil Thomas was expelled from SFI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.