7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024

നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ (വീഡിയോ)

അൻവറിന്റെ വീട് പൊലീസ് വലയത്തിൽ 
Janayugom Webdesk
നിലമ്പൂർ
January 5, 2025 9:03 pm

കരുളായിക്കടുത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിന് പിന്നാലെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ അറസ്റ്റിൽ. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസ്. രാത്രിയോടെയാണ് ഒതായിലെ വീട്ടിൽവച്ച് അൻവറിന്റെ അറസ്റ്റുണ്ടായത്. അൻവർ ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. യുവാവിന്റെ മരണത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അടച്ചിട്ട നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫിസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിക്കുകയായിരുന്നു. യുവാവിന്റെ മരണം നടന്നതാകട്ടെ സൗത്ത് ഓഫിസ് പരിധിയിലും. തുടർന്നാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ നേരത്തെ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ട് മണിക്കൂറോളം നിലമ്പൂരിനെയും വനം വകുപ്പിനെയും പൊലിസിനെയും മുൾമുനയിൽ നിർത്തിയ അതിക്രമങ്ങളാണ് അരങ്ങേറിയത്. ജാഥ തുടങ്ങുന്നതിന് മുമ്പായി അൻവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ അനുയായികൾ പൂട്ടുപൊളിച്ച് ഓഫിസിലേക്ക് തള്ളിക്കയറി. പൊലിസ് തടയുന്നതിനിടയിൽ കസേരകളും ബൾബുകളും തകർത്തു. ഡിഎഫ്ഒ ഓഫിസിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും സംഘടിപ്പിച്ചു. ആശുപത്രിക്ക് മുമ്പിൽ വൻ സന്നാഹമൊരുക്കി പൊലീസ് തടഞ്ഞു. തുടർന്ന് പരിസരത്തു നിന്നും ഡിഎംകെ പ്രവർത്തകരായ സുധീർ പുന്നപ്പാല, ഷൗക്കത്ത്, പനമരം മുസ്തഫ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലമ്പൂർ ഡിവൈഎസ‌്പി, സിഐ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അൻവറിനെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയത്.

ഇതോടെ പാർട്ടി പ്രവർത്തകരും തടിച്ചു കൂടി. തുടർന്ന് നാടകീയ രംഗങ്ങൾക്ക് പിന്നാലെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്കും വിധേയനാക്കി. പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ചുവെന്ന് അൻവറിനെതിരെ എഫ്ഐആറിലുണ്ട്. ജാമ്യമില്ലാ വകുപ്പുകളായ ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കുക), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക), ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായ 189 (2) (അന്യായമായി സംഘം ചേരൽ), 190 (പൊതു ഉദ്ദേശ്യത്തിനായി സംഘം ചേരുക), 191 (2) (കലാപം), 329(3) (അതിക്രമിച്ച് കടക്കുക), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ചുള്ള കുറ്റവും ചുമത്തി. അറസ്റ്റ് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് അൻവർ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.