യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അൽ അലിമി അംഗീകരിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി യെമൻ എംബസി. വധശിക്ഷാ ഉത്തരവ് പ്രസിഡൻ്റ് അൽ-അലിമി ശരിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. നിമിഷ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമേഖലയിലാണ്. ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്ന ഇറാൻ ചർച്ചകളിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലിൽചെന്നു കാണാൻ സാധിച്ചു. 2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.