15 December 2025, Monday

Related news

October 16, 2025
August 25, 2025
August 22, 2025
August 19, 2025
July 29, 2025
July 29, 2025
July 28, 2025
July 24, 2025
July 18, 2025
July 18, 2025

നിമിഷപ്രിയയുടെ മോചനം: ചര്‍ച്ചകള്‍ മുന്നോട്ട്; സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ

Janayugom Webdesk
കോഴിക്കോട്
July 29, 2025 10:40 pm

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ചർച്ചകൾ തുടരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫിസ് അറിയിച്ചു. ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളും വധശിക്ഷ ഒഴിവാക്കിയാലുള്ള മറ്റ് ശിക്ഷാനടപടികളും സംബന്ധിച്ചാണ് ചർച്ച നടക്കുന്നതെന്ന് ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തയുടെ എക്സിലെ പോസ്റ്റ് തങ്ങൾ പിൻവലിച്ചിട്ടില്ലെന്നും കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു. വാർത്താഏജൻസിയായ എഎൻഐ എക്സിൽ പോസ്റ്റ് ചെയ്ത വാർത്ത കാന്തപുരം ഷെയർ ചെയ്യുകയായിരുന്നു. ഈ വാർത്ത എഎൻഐ പിൻവലിച്ചതോടെയാണ് കാന്തപുരത്തിന്റെ എക്സ് അക്കൗണ്ടിൽ കാണാതായത് എന്നും കാന്തപുരത്തിന്റെ ഓഫിസ് വിശദീകരിച്ചു. അതേസമയം, വധശിക്ഷ ഒഴിവാക്കാൻ ധാരണയായി എന്ന കാര്യം സ്ഥിരീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 

വ്യക്തികൾ നൽകുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ വാർത്താക്കുറിപ്പ് സംബന്ധിച്ച പോസ്റ്റ് എഎൻഐ നീക്കം ചെയ്തത്. യെമന്‍ തലസ്ഥാനമായ സനയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. കൊല്ലപ്പെട്ട തലാൽ അബ്ദുമഹദിയുടെ കുടുംബവുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷയെ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുകയെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
നേരത്തെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് അവസാന നിമിഷം നീട്ടിവച്ചിരുന്നു. യെമനിലെ കോടതിയാണ് വധശിക്ഷ നീട്ടിവെയ്ക്കാനുള്ള നിർദേശം നൽകിയത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം അബൂബക്കർ മുസ്ലിയാർ അറിയിക്കുകയും ഔദ്യോഗിക വിധിപ്പകർപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിച്ച യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കുകയും ശാരീരികമാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ ഇതെക്കുറിച്ച് നടത്തിയ വിശദീകരണം. തലാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് പിടിയിലായ നിമിഷപ്രയക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മോചനത്തിനായി രംഗത്ത് വന്നതും പിന്നീട് കാന്തപുരം ഇടപെടുകയും വധശിക്ഷ മാറ്റിവയ്ക്കുകയും ചെയ്തത്. നിമിഷപ്രിയയുടെ മോചനത്തിനായി മാതാവ് നേരത്തെ യെമനിലെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവും മകളും അവിടെ എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.