19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 8, 2024
December 3, 2024
November 27, 2024
November 14, 2024
November 14, 2024
October 29, 2024
October 15, 2024
October 13, 2024
October 8, 2024

നിപ ആശങ്കയൊഴിയുന്നു; സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേർ

Janayugom Webdesk
കോഴിക്കോട്
September 20, 2023 7:40 pm

ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. കഴിഞ്ഞ നാലുദിവസമായി നിപ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 323 സാമ്പിൾ പരിശോധിച്ചതിൽ 317ഉം നെഗറ്റീവാണ്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച് ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ 980 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണുള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണുള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 436 പേരാണുള്ളത്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 1,003 വീടുകളിൽ ഇന്നലെ സന്ദർശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. 

ഇതിനിടെ നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കുന്നതിനായി വല വിരിച്ചു. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ ദേവർകോവിൽ പരിസരത്താണ് വല വിരിച്ചത്. ദേവർകോവിൽ കനാൽമുക്ക് റോഡിലെ ഒരു മരത്തിൽ നിരവധി വവ്വാലുകളുള്ളതിനാലാണ് ഇവിടെ വല വിരിക്കാൻ തെരഞ്ഞെടുത്തത്. കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനംവകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും, ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന നിപ പ്രതിരോധം പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നത്. വവ്വാലിന് പുറമെ പ്രദേശത്തെ വളർത്തുമൃഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി ജില്ലയിൽ എത്തിയ കേന്ദ്രസർക്കാരിന്റെ മൃഗ സംരക്ഷണ വിദഗ്ധ സംഘം മൂന്നാം ദിനവും സാമ്പിൾ ശേഖരിച്ചു. 

ജില്ലയിലെ നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രോഗ ബാധിത പ്രദേശങ്ങളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡീനായ ഡോ. പി കെ നമീറിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ഫോറസ്റ്റ് വകുപ്പിന്റെയും സഹകരണത്തോടെയാണ് സാമ്പിൾ ശേഖരണം നടന്നത്. പട്ടി, പൂച്ച, കാട്ടുപന്നി, വവ്വാൽ എന്നിവയിൽ നിന്നും സാമ്പിളുകൾ സംഘം ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ തുടർ പരിശോധനകൾക്കായി ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയ്ക്ക് പ്രത്യേക ദൂതൻ മുഖേന അയക്കുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റേർ അറിയിച്ചു. നിപ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന രോഗബാധയെ നേരിടുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Nipah is con­cerned; There are 980 peo­ple in the con­tact list
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.