17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

വീണ്ടും ജാഗ്രതക്കാലം

Janayugom Webdesk
September 14, 2023 5:00 am

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഭയം ആവശ്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2018ല്‍ കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോള്‍ നാം പുലര്‍ത്തിയ ജാഗ്രതയും കൈക്കൊണ്ട മുന്‍കരുതല്‍ നടപടികളും അതേയളവില്‍ ആവശ്യമാണെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. 2018 മേയിൽ ആദ്യം നിപ റിപ്പോർട്ട് ചെയ്തപ്പോൾ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. രോഗബാധ സംശയിച്ച ചിലരില്‍ നിന്നുള്ള സാമ്പിളുകള്‍ മണിപ്പാലിലും പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധനയിലൂടെ സ്ഥിരീകരിച്ചതിനുപിന്നാലെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. ആരോഗ്യവകുപ്പും സർക്കാർ സംവിധാനങ്ങളുമെല്ലാം ഉണർന്നു പ്രവർത്തിച്ചു. പ്രധാനമായും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുക എന്നതായിരുന്നു പ്രാഥമിക ദൗത്യം. ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി അത് ചെയ്തതിലൂടെ രോഗബാധിതരായ ചിലരുടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന 200ഓളം പേര്‍ അന്ന് ഐസൊലേഷനിലായിരുന്നു. മൂന്നുമാസത്തോളം ആശങ്ക പടര്‍ത്തിയെങ്കിലും മരണ നിരക്ക് പിടിച്ചുനിര്‍ത്തുവാനായി. വളരെ കരുതലോടെയും അതേസമയം ശക്തമായ മുന്‍കരുതലുകളോടെയും വൈറസ് വ്യാപിക്കാതെ തടയാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കായെന്നതുകൊണ്ടാണ് മരണനിരക്കും രോഗവ്യാപനവും കുറയ്ക്കാനായത്. 2020ല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ നേരിടുന്നതിന് മുമ്പ് ആരോഗ്യജാഗ്രതയുടെ ആദ്യപാഠങ്ങള്‍ നമുക്ക് നല്‍കിയതായിരുന്നു 2018ലെ നിപ ബാധ.
ഇത്തവണയും ദ്രുതവേഗത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നടപടികള്‍ ഉണ്ടായെന്നത് ആശ്വാസകരമാണ്.

രോഗബാധയെ കുറിച്ച് സംശയങ്ങളുണ്ടായപ്പോള്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്. കോഴിക്കോട് നിപ ലക്ഷണങ്ങളുള്ള ചിലരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കുക മാത്രമല്ല, രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോഴിക്കോട് ലബോറട്ടറിയില്‍ നിപ വൈറസ് സ്ഥിരീകരണമുണ്ടായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും വ്യാപകവുമാക്കി. പത്തിനാണ് കോഴിക്കോട് ലബോറട്ടറിയില്‍ സ്ഥിരീകരണമുണ്ടായത്. സാങ്കേതികമായ കാരണങ്ങളാല്‍ പൂനെ വൈ റോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഔ ദ്യോഗിക സ്ഥിരീകരണം ആവശ്യമാണെന്നതിനാല്‍ പരിശോധനാഫലം അവിടേക്ക് നല്‍കുകയും ചെയ്തു. പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വരുന്നതിന് അല്പം കാലതാമസമുണ്ടായി. എങ്കിലും ഫലം കാത്തിരിക്കാതെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പതിവ് പോലെ ജനകീയവും ഔദ്യോഗികവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അല്പം പോലും വൈകാതെ ആവിഷ്കരിച്ചു. അതിനാലാണ് പൂനെയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനു മുമ്പുതന്നെ സമ്പര്‍ക്കമുണ്ടായ നൂറുകണക്കിന് പേരെ കണ്ടെത്താനും സമ്പര്‍ക്ക വിലക്കിലാക്കുവാനും കഴിഞ്ഞത്. മെഡിക്കല്‍ കോളജുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും മതിയായ സംവിധാനമൊരുക്കുകയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ച് ബോധവല്‍ക്കരണവും മറ്റും നടത്തിവരികയും ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കു: ആത്മഹത്യ എന്ന സാമൂഹ്യപ്രശ്നം


എന്നാല്‍ ഗുരുതരമായി കാണേണ്ട ഇത്തരം സാഹചര്യങ്ങളെയും ദുരുപദിഷ്ടതയോടെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതിനിടെ നാം കണ്ടു. കോഴിക്കോട്ടെ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചു എന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചുവെങ്കിലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം കിട്ടാത്തതിനാല്‍ ജനങ്ങളെ അറിയിക്കാന്‍ സാധിക്കാതെ പോയി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ സമാഹരിക്കുകയും ബാധിത സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രമന്ത്രി മന്ത്രി മൺസുഖ് മാണ്ഡവ്യ നേരിട്ട് മാധ്യമങ്ങള്‍ക്ക് കൈമാറുകയുമായിരുന്നു. കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് ഔദ്യോഗികമായി സംസ്ഥാനത്തെ അറിയിച്ചത്. മുന്‍കരുതല്‍ നടപടികളാണ് ഇത്തരം രോഗം വ്യാപിക്കാതിരിക്കുവാനുള്ള പ്രധാന പ്രതിരോധപ്രവര്‍ത്തനമെന്നിരിക്കെയാണ് വിവരം സംസ്ഥാനത്തെ അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് കൈമാറിയ നടപടി കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത് എന്നത് വെെദ്യശാസ്ത്ര ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ സമീപനമായി. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുവാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും അപലപനീയമാണ്. അധികൃതരെല്ലാം വ്യക്തമാക്കിയതുപോലെ ഭയവും ആശങ്കയുമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മനസിലാക്കി എല്ലാവരും ഒരുമയോടെ നില്‍ക്കേണ്ട മറ്റൊരു ഘട്ടമാണിത്. കഴിഞ്ഞ തവണ നിപയും പിന്നീട് കോവിഡ് മഹാമാരിയുമുണ്ടായപ്പോള്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്ത മുന്‍കാല അനുഭവമുള്ളവരാണ് നമ്മള്‍. അതുപോലെ ഈ സാഹചര്യത്തെയും ഭയമുപേക്ഷിച്ച് ജാഗ്രതയോടെ നേരിടുവാന്‍ നമുക്ക് ആകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.