22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 25, 2024
October 28, 2024
October 18, 2024
September 20, 2024
September 19, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024

നിപ പരിശോധന; സംസ്ഥാനത്ത് മതിയായ സംവിധാനമായെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 6:43 pm

സംസ്ഥാനത്ത് നിപാ പരിശോധനയ്‌ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്‌ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻഐവിയുടെ മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപാ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പിസിആർ അല്ലെങ്കിൽ റിയൽ ടൈം പിസിആർ ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.

സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?

എൻ. 95 മാസ്‌ക്, ഫേസ്‌ഷീൽഡ്, ഡബിൾ ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങൾ പലരിലും കാണാത്തതിനാൽ നിപാ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകൾക്കിടയിൽ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിർണായകമാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ആളായാൽ നിപായുടെ ഇൻകുബേഷൻ പരിധിയായ 21 ദിവസം ഐസൊലേഷനിൽ കഴിയണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയിൽ മതിയായ ബയോ സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം. ക്ലിനിക്കൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്നർ പാക്കിംഗ് നടത്തുന്നു. ഇത് കോൾഡ് ചെയിനിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുൻകൂർ അറിയിപ്പോടെ കൊണ്ടുപോകണം.

നിപാ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?

നിപാ വൈറസിനെ കണ്ടെത്താൻ പിസിആർ അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധനയാണ് നടത്തുന്നത്. എൻഐവി പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർഎൻഎയെ വേർതിരിക്കുന്നു. ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.

നിലവിൽ നിപ പരിശോധനകൾ കൃത്യസമയത്ത് നടത്താനും അതനുസരിച്ച് പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Eng­lish Sum­ma­ry: nipah virus test is now faster says health min­is­ter veena george
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.