4 October 2024, Friday
KSFE Galaxy Chits Banner 2

നോക്കുകുത്തിയായി മാറിയ നിതി ആയോഗ്

Janayugom Webdesk
May 31, 2023 5:00 am

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും രൂപപ്പെടുത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ആസൂത്രണ കമ്മിഷന്‍ 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതോടെ നാമാവശേഷമായി. പകരം രൂപീകരിച്ചതാണ് നിതി ആയോഗ്. പദ്ധതികള്‍ രൂപീകരിക്കുകയും വികസന — സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ന‍ടപ്പിലാക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്ന സ്ഥാപനമായിരുന്നു ആസൂത്രണ കമ്മിഷനുകള്‍. രാജ്യത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍, മൂലധന സാധ്യതകള്‍, മനുഷ്യവിഭവശേഷി എന്നിവ സംബന്ധിച്ച് പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സാഹചര്യങ്ങളും ജനസംഖ്യാ അനുപാതവും പരിഗണിച്ച് പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നതില്‍ ആസൂത്രണ കമ്മിഷന്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. പഞ്ചവത്സര പദ്ധതികള്‍ക്ക് രൂപം നല്കുകയും വിവേചനമോ പരിഗണനകളോ ഇല്ലാതെയും ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തിലും വിഭവ വിനിയോഗം നടപ്പിലാക്കുന്നതിനുള്ള നേതൃസംഘടനയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത് ആസൂത്രണ കമ്മിഷനായിരുന്നു. പുതിയ വിഭവസാധ്യതകള്‍ അന്വേഷിക്കുന്നതിലും പദ്ധതി നടത്തിപ്പിന് മാര്‍ഗനിര്‍ദേശം നല്കുന്നതിലും പുരോഗതി വിലയിരുത്തുന്നതിലും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഓരോ പഞ്ചവത്സര പദ്ധതികളും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കു; ‘വിശ്വവിഖ്യാതമായ ഒരു ഭൂമി കയ്യേറ്റക്കേസ്


വിവിധ ഭരണകാലത്ത് അതാത് സര്‍ക്കാരുകളുടെ നയങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയെന്ന രീതിയുണ്ടായിരുന്നുവെങ്കിലും ജനസംഖ്യാപരവും പ്രാദേശിക പരിഗണനകളില്ലാതെയും അവ നടപ്പിലാക്കുന്നതിന് ഒരു പരിധിവരെ സാധിച്ചിരുന്നു.
ഫെഡറല്‍ സംവിധാനം നോക്കുകുത്തിയാക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നിതി ആയോഗ് വന്നതോടെ അവയെല്ലാം അട്ടിമറിക്കപ്പെട്ടു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യയുടെ ചുരുക്കെഴുത്തെന്ന നിലയിലാണ് നിതി ആയോഗ് എന്ന വിളിപ്പേരുണ്ടായത്. ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിനുള്ള കേന്ദ്ര സ്ഥാപനമെന്ന് അതിനെ പരിഭാഷപ്പെടുത്താവുന്നതാണ്. ആസൂത്രണ കമ്മിഷന്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കുന്നതിനുമാണ് ശ്രമിച്ചതെങ്കില്‍ പ്രസ്തുത ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതായിരിക്കും പുതിയ സ്ഥാപനത്തിന്റെ ചുമതലയെന്ന് ആ പേരുതന്നെ വ്യക്തമാക്കുന്നുണ്ട്. സംഘടനയുടെ രൂപീകരണ വേളയില്‍ വിശദീകരിക്കപ്പെട്ടതുപോലെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുനയരൂപീകരണ കേന്ദ്രമായി മാത്രമാണ് അതിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആസൂത്രണ കമ്മിഷന്‍ നിര്‍വഹിച്ച ദൗത്യങ്ങളെ പാടെ അട്ടിമറിച്ച്, പഞ്ചവത്സര പദ്ധതികള്‍ക്കു പകരം തോന്നിയതുപോലെ പദ്ധതികള്‍ ആവിഷ്കരിക്കുക, അതുപോലെ തന്നെ നടപ്പിലാക്കുക, സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പോലും കടന്നുകയറുക എന്നിങ്ങനെയാണ് നിതി ആയോഗ് മുന്നോട്ടുപോകുന്നതെന്ന് എട്ടുവര്‍ഷത്തെ അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക പരിശോധന വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിത നിര്‍ണയത്തില്‍ പോലും വിവേചനം നിര്‍ദേശിക്കുന്ന സ്ഥാപനമായി അത് മാറി.


ഇതുകൂടി വായിക്കു; അഴിമതിക്കാരെ പുറത്തുനിര്‍ത്തണം


പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ടതും ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെയുള്ളതുമായ വിവിധ ഘടനകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം പേരിനു മാത്രമായി മാറുകയും നിതി ആയോഗിലെ ഉന്നതര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസൃതമായും ഏകപക്ഷീയമായും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന സ്വേച്ഛാധികാര സ്ഥാപനമായി അത് അധഃപതിച്ചു. സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കുന്ന വിധത്തിലുള്ള ശുപാര്‍ശകള്‍ ചര്‍ച്ചകളോ സമവായമോ ഇല്ലാതെ നിര്‍ദേശിക്കുന്നു എന്നു മാത്രമല്ല സംസ്ഥാന അധികാര പരിധിയിലുള്ള വിഷയങ്ങളില്‍ പോലും ഇടപെടുന്നതിനും നിതി ആയോഗ് പലപ്പോഴും സന്നദ്ധമാകുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന അധികാരങ്ങളില്‍ ഇടപെടാനും കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിട്ട് മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും വേട്ടയാടുന്നതിനും ശ്രമിക്കുന്നതോടൊപ്പമാണ് നിതി ആയോഗിനെ ഉപയോഗിച്ചുള്ള പ്രതിബന്ധങ്ങളും കേന്ദ്രം സൃഷ്ടിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നിതി ആയോഗിന്റെ ഉന്നതതല യോഗത്തില്‍ പത്തോളം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കാത്ത സ്ഥിതിയുണ്ടായത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ യോഗം ചേരുന്നത് സുപ്രധാനമാണെന്നാണ് സങ്കല്പമെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന അനുഭവം കൊണ്ടുകൂടിയാണ് വിട്ടുനില്‍ക്കുവാന്‍ ഇത്രയധികം മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചത്. സംയുക്തമായ തീരുമാനമായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിമാരുടെ വിട്ടുനില്‍ക്കല്‍ നിതി ആയോഗിനെ നോക്കുകുത്തിയാക്കിയ പ്രധാനമന്ത്രി മോഡിയോടുള്ള പ്രതിഷേധത്തിന്റെ പ്രകടിതരൂപമായിരുന്നു.

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.