23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

നിതി ആയോഗ് റിപ്പോര്‍ട്ട്; കേരളത്തില്‍ ദാരിദ്ര്യമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2024 11:00 pm

കേരളത്തില്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരില്ലെന്ന് നിതി ആയോഗിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നവരുടെ കണക്ക് സംബന്ധിച്ച പട്ടികയിലാണ് കേരളത്തിന്റെ സുപ്രധാന നേട്ടം ഉള്‍പ്പെടുന്നത്. 2005-06 വര്‍ഷത്തില്‍ കേരളത്തില്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ 12.31 ശതമാനമായിരുന്നു. 2015–16 ആയതോടെ ഇത് 0.70 ശതമാനമായി കുറഞ്ഞു. 2019–21ല്‍ സംസ്ഥാനത്ത് ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ 0.55 ശതമാനം മാത്രമായി. 2022–23ല്‍ ഇത് 0.48 ശതമാനമാകുമെന്നാണ് കണക്കാക്കുന്നതെന്നും നിതി ആയോഗ് വ്യക്തമാക്കുന്നു. 

2005-06 വര്‍ഷം ബഹുമുഖ ദാരിദ്ര്യം ഏറ്റവും കൂടുതല്‍ ബിഹാറിലായിരുന്നു, 78.28 ശതമാനം. 2015–16ല്‍ 51.89 ശതമാനമായും 2019–21 ല്‍ 33.76 ശതമാനമായും ബിഹാറിലെ അതിദരിദ്രരുടെ എണ്ണം കുറഞ്ഞു. 2022–23 ല്‍ ഇത് 26.59 ശതമാനമായേക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായ കേന്ദ്ര പദ്ധതികളുള്‍പ്പെടെ വിതരണം ചെയ്തിട്ടും 10 ശതമാനത്തിലധികമാണ് ബഹുമുഖ ദരിദ്രര്‍. രാജ്യത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടി ആളുകള്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് നിതി ആയോഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള അടിസ്ഥാന ജീവിതനിലവാരം ഓരോ വ്യക്തിക്കും കുടുംബത്തിനും എത്രത്തോളം ലഭിക്കുന്നു എന്ന് പരിഗണിച്ചാണ് ബഹുമുഖ ദാരിദ്ര്യം കണക്കാക്കുന്നത്. വരുമാനം അടിസ്ഥാനമാക്കാറില്ല. 12 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള സൂചകങ്ങളിലൂടെയാണ് ഇത് കണക്കാക്കുക. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ ആരോഗ്യം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Eng­lish Summary;Niti Aayog Report; There is no pover­ty in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.