ബിഹാറില്‍ മഹാസഖ്യ സർക്കാരിനെ വീഴ്ത്തി നിതീഷ്‌കുമാർ മറുകണ്ടം ചാടി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൂറുമാറ്റങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വഞ്ചനാപരമായ നീക്കങ്ങളിലൊന്നില്‍ നിതീഷ്‌കുമാര്‍ വീണ്ടും ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായി. രാവിലെയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ‌്കുമാര്‍ വൈകുന്നേരം ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തി.
മുന്നണിമാറ്റം സംബന്ധിച്ച് ഉയര്‍ന്ന വാര്‍ത്തകളോട് അവസാന നിമിഷംവരെ നിതീഷ് പ്രതികരിച്ചിരുന്നില്ല. പിന്നീട് ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും സംയുക്ത യോഗത്തിന് ശേഷം രാജ്ഭവനില്‍ നേരിട്ടെത്തി ഗവർണർ രാജേന്ദ്ര അരലേക്കറിന് രാജിക്കത്ത് കൈമാറി. മന്ത്രിമാരായ സഞ്ജയ് ഝാ, വിജേന്ദ്ര യാദവ് എന്നിവരും നിതീഷിനെ അനുഗമിച്ചിരുന്നു.
ബിജെപി, ജെഡിയു, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് നിതീഷ്‌കുമാര്‍ കൈമാറിയത്. സഖ്യത്തിന് 127 എംഎല്‍എമാരാണുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
അഞ്ചുമണിയോടെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ആകെ ഒമ്പതംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഒമ്പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇത് അഞ്ചാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്. 2000ത്തിലാണ് നിതീഷ് ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍ ഒമ്പത് ദിവസത്തിനകം രാജിവയ്ക്കേണ്ടിവന്നു. 2014ല്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. എന്നാല്‍ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജിവച്ചു. തുടർന്ന് 2015ല്‍ ആർജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേറി.
2017ല്‍ രാജിവച്ച നിതീഷ് കുമാർ, തുടർന്ന് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. 2022ല്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ആ സഖ്യം വിട്ടു. തുടർന്ന് ആർജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ നിതീഷ്‌കുമാർ വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോള്‍ കോണ്‍ഗ്രസ്-ആർജെഡി സഖ്യം ഉപേക്ഷിച്ച് വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്കും ചേക്കേറി.
243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) നാല്, സിപിഐ രണ്ട്, സിപിഐ(എം) രണ്ട്, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബിജെപിയും ജെഡിയുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെഡിയു പിൻമാറിയതോടെ മഹാഗഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി ചുരുങ്ങി.
കോണ്‍ഗ്രസിലും കൂറുമാറ്റ സൂചന
നിതീഷ്‌കുമാറിന്റെ അപ്രതീക്ഷിത നീക്കത്തിനിടെ ബിഹാര്‍ കോണ്‍ഗ്രസിലും കൂറുമാറ്റമെന്ന് സൂചന. നിതീഷ് കുമാറിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചേക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചില എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. 19 എംഎല്‍എമാരില്‍ 10 പേര്‍മാത്രമാണ് യോഗത്തിന് എത്തിയിരുന്നത്. മറ്റ് എംഎല്‍എമാരെ നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ധാർമ്മിക പാപ്പരത്തം: ബിനോയ് വിശ്വം
തിരുവനന്തപുരം: ബിജെപി-നിതീഷ് കുമാർ കൂട്ടുകെട്ട് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയവും ധാർമ്മികവുമായ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും പാർലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ ഈ അവസരവാദ ബാന്ധവത്തിന് അനുയോജ്യമായ ശിക്ഷ ജനങ്ങൾ വിധിക്കും. ഇന്ത്യ സഖ്യം ഏതെങ്കിലും ഒരു വ്യക്തിയുടെ അത്യാഗ്രഹത്തിൽ ഉണ്ടാക്കിയതല്ല, ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിർമ്മിച്ചിരിക്കുന്നതെന്നും ബിനോയ് വിശ്വം എക്സിൽ കുറിച്ചു.
English Summary: Nitishkumar: political fraud
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.