
നീണ്ട 20 വര്‍ഷത്തോളം ബിഹാറിനെ നിയന്ത്രിച്ച നിതീഷ് കുമാറിന്റെ ബിജെപി നിഴലില്‍ രാജ്യസഭയിലേക്കുള്ള ചുവടുമാറ്റം ജയപ്രകാശ് നാരായണന്‍ (ജെപി) പ്രസ്ഥാനത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കി. രണ്ട് പതിറ്റണ്ടായി ബിഹാറിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച നിതീഷിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഒതുക്കിയതോടെ ബിജെപി കുതന്ത്രം ഭാഗികമായി വിജയം കണ്ടുവെങ്കിലും സംസ്ഥാനത്തെ സാമൂഹിക സമവാക്യം തങ്ങള്‍ക്ക് അനുകൂലമാക്കുക എളുപ്പമല്ല. എന്നാല്‍ 1980 മുതല്‍ ബിഹാര്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ജയപ്രകാശ് നാരായണ്‍ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന നേതാക്കളുടെ സ്വാധീനം നിതീഷിനെ ഒതുക്കിയതിലൂടെ അവസാനിപ്പിക്കാനായി എന്നത് ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ ജെപി നയിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തുവന്ന നിതീഷ് കുമാര്‍ സോഷ്യലിസ്റ്റ് ചേരിയുടെ ശക്തനായ വക്താവായി വര്‍ഷങ്ങളോളം നിറഞ്ഞുനിന്നു. നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, രാം വിലാസ് പസ്വാന്‍ എന്നിവരും ജെപി പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ മൂന്നുപേരും ഒരുമിച്ച് പോരാടിയെങ്കിലും പിന്നിടുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു.
ഈ മൂന്നുപേരും ബിഹാറിന്റെ അധികാര ഘടനകളെ രൂപപ്പെടുത്തുക മാത്രമല്ല, ദേശീയ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിരവധി തവണ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇതില്‍ രാം വിലാസ് പസ്വാന്‍ അന്തരിക്കുകയും മറ്റ് രണ്ടുപേര്‍ സജീവ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവില്‍ നിന്ന് നിഷ്കാസിതരാകുകയും ചെയ്തു. പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ ഇപ്പോള്‍ ലോക് ജനശക്തി പാര്‍ട്ടിയുമായി എന്‍ഡിഎ കൂടാരത്തിലാണ്. പ്രായാധിക്യം കാരണം ആര്‍ജെഡി തലവന്‍ ലാലു അധികാരം മകന്‍ തേജസ്വി യാദവിന് കൈമാറി വിശ്രമത്തിലാണ്. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറും സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.
ജാതി സമവാക്യം ഭരണം നിയന്ത്രിക്കുന്ന ബിഹാറില്‍ ദളിതുകളെയും പിന്നാക്കാരെയും തന്റെ ഒപ്പം നിര്‍ത്താനായി എന്നത് നിതീഷിന്റെ പ്രത്യേകതയാണ്. ഇവരുടെ വോട്ട് ബാങ്കിലാണ് അദ്ദേഹം രണ്ടു പതിറ്റാണ്ടോളം ഭരണം നിയന്ത്രിച്ചത്. എങ്കിലും ഒരിക്കലും തന്റെ ജാതി സ്വത്വത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. വ്യത്യസ്ത സാമൂഹിക ഗ്രൂപ്പുകളുടെ പിന്തുണ ആര്‍ജിക്കാനും നിതീഷിനായി. ഇവിടെയാണ് ബിജെപി നേതൃത്വം ആശങ്കപ്പെടുന്നത്. നിതീഷിന്റെ വോട്ട് ബാങ്ക് തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാനായിരിക്കും പുതിയ മുഖ്യമന്ത്രിയിലൂടെ ബിജെപി ശ്രമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.