25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024

അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

കേരളത്തിലെ ക്രമസമാധാനനില അംഗീകരിക്കപ്പെട്ടത്: മുഖ്യമന്ത്രി
web desk
തിരുവനന്തപുരം
December 12, 2022 11:43 am
  • തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പൊലീസ് സേനയുടെ മികവിനെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. പൊലീസ് അന്വേഷണം തുടരുന്ന വിവിധ കേസുകളുടെ പുരോഗതിയെക്കുറിച്ചും പിണറായി വിവരിച്ചു. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ പൊലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വേ പ്രകാരം കേരള പൊലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിൽ മികവു പുലർത്തിയ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പൊലീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കേസ് അന്വേഷണങ്ങളുടെ കാര്യത്തിൽ പൊലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാൻ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാൻ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോൺ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതിൽ ആദ്യത്തെ കേസിൽ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സ്റ്റേഷനുകൾ എല്ലാ ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. പൊലീസ് സേനയിലേക്ക് ആദ്യമായി വനിതാ സബ് ഇൻസ്പെക്ടർമാരുടെ നേരിട്ടുള്ള നിയമനം നടത്തിയതും ഇക്കാലയളവിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കി.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങൾക്കെല്ലാം തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇത്തരത്തിൽ 2017ൽ ഒന്നും 2018ൽ രണ്ടും 2019ൽ ഒന്നും 2020ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുളള എട്ട് പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് പൊലീസുദ്യോഗസ്ഥരെ 2022ലും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥരെയും സർവീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം യുഡിഎഫ് കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2014 ഡിസംബർ 15ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എൽഡിഎഫ് കാലത്ത് 828 പൊലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. പ്രമേയത്തിൽ ചൂണ്ടിക്കാണിച്ച പ്രത്യേക സംഭവങ്ങളിൽ ഒന്നിൽപ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും തന്നെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചുകൊണ്ട് തക്കതായ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പ്രമേയാവതാരകൻ പറയുന്നത് 828 പൊലീസ് സേനാംഗങ്ങളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പൊലീസ് സേനയിൽ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽപ്പെടാത്തവരാണെന്നതാണ് ഇതിൽനിന്നും ഉരുത്തിരിയുന്ന വസ്തുത. അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാൻ ആർക്കും കഴിയില്ല. സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിന്ന സ്തുത്യർഹമായ സേവനം നിർവഹിച്ച പൊലീസ് സേനയെ ഇത്തരത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓർമ്മിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sam­mury: Ker­ala Niya­masa­ba speak­er Denied oppo­si­tion motion notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.