
ഒരു ലോകവീക്ഷണമുള്ള സമൂഹമായി കേരളത്തെ കാണാമെന്ന് നെതർലൻഡ്‌സിലെ മുൻ ഇന്ത്യൻ അംബാസഡറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന വേണു രാജാമണി. നാലാമത് കേരള നിയമസഭ അന്താരാഷ്ത്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ‘കേരളവും ലോകവും- അതിരുകൾക്കപ്പുറം കേരളത്തിന്റെ ആഗോള ഇടപെടലുകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണം എന്നും മലയാളികൾക്കുണ്ട്, ഇന്നുമത് വർധിച്ചുവരികയാണ്. ഇന്ത്യയ്ക്കുള്ളിലും വിദേശത്തും സങ്കുചിത മന:സ്ഥിതി രൂപപ്പെടുമ്പോൾ കേരളമിന്നും വിശാലമായ ലിബറൽ കാഴ്ചപ്പാട് നിലനിർത്തുന്നുവെന്നത് ഏറ്റവും വലിയൊരു ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
നിർമിത ബുദ്ധിയും റോബോട്ടിക്‌സും കാരണം പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ജോലി നഷ്ടപ്പെടുകയാണെന്നും അതിനാൽ ഇന്ത്യക്കാർക്കെതിരെ വംശീയ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും വേണു രാജാമണി പറഞ്ഞു.
ഇസ്രായേൽ‑പലസ്‌തീൻ സംഘർഷത്തിലും വെനസ്വേല വിഷയത്തിലും ഇന്ത്യയെടുത്ത നിലപാട് നിരാശാജനകമാണെന്നും അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗാസയിൽ സംഭവിക്കുന്നത് വംശഹത്യയാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്ക ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ നിന്നും ഓർഡർ വാങ്ങി. എന്നാൽ ഇന്ത്യ ആ കേസിൽ കക്ഷി ചേരാൻ പോലും തയ്യാറല്ലായിരുന്നു, ഇന്ത്യക്ക് അവിടെപ്പോയി അഭിപ്രായങ്ങൾ പറയാമായിരുന്നു. വെനിസ്വെലൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അമേരിക്ക ചെയ്തത് തെറ്റാണെന്ന് പരസ്യമായി ഇന്ത്യ പറഞ്ഞിട്ടില്ല,” വേണു രാജാമണി പറഞ്ഞു.
അമേരിക്ക ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ശക്തമായ താരിഫ് നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇന്ത്യൻ വംശജർക്കെതിരെ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ അമേരിക്ക ഒരു ‘ബിഗ് ബുള്ളി‘യായി പെരുമാറുമ്പോൾ അത് സഹിച്ച് മിണ്ടാതിരിക്കാതെ ധൈര്യത്തോടെ എതിർത്തുനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തരമാക്കാനുള്ള പരിഷ്കാരങ്ങളാണ് കഴിഞ്ഞ 10 വർഷമായിട്ട് നടന്നുകൊണ്ടിരിക്കുന്നതെന്നും 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചത് അതിന്റെ ഭാഗമായാണെന്നും എഴുത്തുകാരനും മടപ്പള്ളി ഗവ. കോളേജില്‍ ചരിത്രവിഭാഗം മേധാവിയുമായ എ എം ഷിനാസ് പറഞ്ഞു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ രീതിയിൽ അത് എത്രത്തോളം സാക്ഷാത്കരിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുവർഷ ബിരുദത്തിൽ നല്ല വശങ്ങൾ പലതുണ്ടെങ്കിലും, ഒരു ക്ലാസിൽ 60 മുതൽ 70 കുട്ടികളുള്ള സാഹചര്യത്തിൽ യഥാർത്ഥ ചോയ്സ് ബേസ്‌ഡ് പഠനരീതി നടപ്പാക്കാൻ സാധിക്കില്ലെന്നും, കോളേജുകളെക്കൊണ്ട് സാധിക്കുന്ന ചോയ്സുകൾ മാത്രമേ വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയൂവെന്നും ഷിനാസ് പറഞ്ഞു. പാശ്ചാത്യ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് നിരവധി ഓപ്ഷനുകളും ‘ട്വിൻ’ പ്രോഗ്രാമുകളും ലഭിക്കുണ്ടുണ്ടെന്നും എന്നാൽ കേരളത്തിലെ ഇന്റർനാഷണൽ കോൺഫറൻസുകൾ പലതും ചട്ടപ്പടി പ്രഹസനങ്ങളായി മാറുന്നതായും അദ്ദേഹം വിമർശിച്ചു.മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.