23 February 2026, Monday

Related news

February 23, 2026
February 23, 2026
February 20, 2026
February 5, 2026
February 2, 2026
January 29, 2026
January 28, 2026
January 27, 2026
January 22, 2026
January 12, 2026

സമരാഭാസം തുടര്‍ന്ന് പ്രതിപക്ഷം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 23, 2026 10:28 pm

ചര്‍ച്ചയ്ക്ക് തയ്യാറാകാതെ നിയമസഭയില്‍ നിന്ന് പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടം തുടരുന്നു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാതെ സഭ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച് ഒളിച്ചോടുന്ന പ്രതിപക്ഷം ഇന്നലെയും ആ പതിവ് ആവര്‍ത്തിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പൊള്ളയായ വാദങ്ങളുയര്‍ത്തി ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സര്‍ക്കാരിനെതിരെ അവിശ്വാസമോ അടിയന്തരപ്രമേയമോ അവതരിപ്പിക്കുവാന്‍ ത്രാണിയില്ലാത്തവരായി പ്രതിപക്ഷം മാറിയെന്ന് മന്ത്രിമാര്‍ സമര്‍ത്ഥിച്ചതോടെ പതിവ് ബഹിഷ്കരണനാടകം നടത്തി യുഡിഎഫ് ഓടിയൊളിച്ചു.
സഭയുടെ 16-ാം സമ്മേളനം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇന്നലെ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം പതിവ് സമീപനം തുടരുകയായിരുന്നു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ ശബരിമല വിഷയത്തില്‍ സമരത്തിലാണെന്നും സഭയുമായി സഹകരിക്കില്ലെന്നും കെ ബാബു പ്രഖ്യാപിച്ചു. തന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷം സഭയ്ക്കുള്ളിലും സ്വീകരിച്ചു. തുടര്‍ന്ന് പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലെത്തി.
തന്ത്രിയെ മുൻനിർത്തി തെരുവിലിറങ്ങാനുള്ള സുവർണാവസരത്തിനായി കോൺഗ്രസ് കാത്തിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാ‍ജേഷ് പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാളായ തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സഭയ്ക്കകത്ത് ഇല്ലാത്ത ബിജെപിക്ക് വേണ്ടിയുള്ള തന്ത്രിയുടെ വക്കാലത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. വാജിവാഹനമുള്‍പ്പെടെയുള്ളവയില്‍ നടന്ന ക്രമക്കേടിലും കൊള്ളയിലും യുഡിഎഫ് ഭരണസമിതിക്ക് പങ്കുണ്ടെന്ന കാര്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.
നേറ്റിവിറ്റി ബില്‍ അവതരിപ്പിക്കുന്ന ദിവസം സഭ അലങ്കോലപ്പെടുത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഒരേ പ്രത്യയശാസ്ത്രമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഇത് മതനിരപേക്ഷ കേരളത്തെ അപകടാവസ്ഥയിലാക്കും. ശബരിമല അന്വേഷണം പൂര്‍ണമായും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി പറഞ്ഞിട്ടും കോണ്‍ഗ്രസ് സമരം തുടരുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടാണെന്നും പി രാജീവ് പറഞ്ഞു.
സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കുമെന്നായിരുന്നു മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. സഭയിൽ ഇരിക്കാൻ പ്രതിപക്ഷം യോഗ്യരല്ല. ജൻപഥിലേക്ക് അന്വേഷണം നീളുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായി ഒത്തുചേർന്നുള്ള യുഡിഎഫിന്റെ പ്രതിഷേധമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിനിടയിലും സഭാനടപടികളിലേക്ക് സ്പീക്കര്‍ കടന്നു. നിര്‍ണായകമായ നേറ്റിവിറ്റി ബില്‍ ഉള്‍പ്പെടെയുള്ളവ സഭയില്‍ അവതരിപ്പിച്ച ദിവസമാണ് ഒരു ചര്‍ച്ചയിലും പങ്കെടുക്കാതെ പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. ഡയസിനടുത്ത് നിലയുറപ്പിച്ച പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനറുയര്‍ത്തിയതിന് ശേഷമാണ് സഭ ബഹിഷ്കരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.