കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകുന്നതിനാൽ വഴിമുട്ടി തീരദേശ റയിൽപ്പാത വികസനം. 1,000 കോടി രൂപയ്ക്ക് മുകളിലുള്ള റെയില്‍വേ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം എന്നതിനാൽ പല റീച്ചിലെയും ഭൂമിയേറ്റെടുക്കലടക്കം സ്തംഭനത്തിലാണ്.
ആലപ്പുഴ ജില്ലയിലെ തുറവൂർ‑അമ്പലപ്പുഴ ഭാഗത്തെ വികസനം റെയില്‍വേ ബോർഡിന്റെ അനുമതിയില്ലാത്തതിന്റെ ഫലമായി ത്രിശങ്കുവിലാണ്. റെയില്‍വേ ബോർഡ് പഴി ചാരുന്നത് അംഗീകാരം നൽകാത്ത മന്ത്രിസഭയെയും. തുറവൂർ‑അമ്പലപ്പുഴ ഭാഗത്തെ വികസനത്തിനായുള്ള പദ്ധതി രേഖയിൽ ചെലവ് കണക്കാക്കുന്നത് 1,262.14 കോടിരൂപയാണ്. അധികം വന്ന 262.14 കോടിയിലാണ് മന്ത്രിസഭ ഉടക്കിട്ടിരിക്കുന്നത്. 45.86 കി. മീറ്റർ പാതയാണ് ഈ ഭാഗത്ത് ഇരട്ടിക്കേണ്ടത്. 25 ഹെക്ടറോളം ഭൂമി ഇതിനായി വേണ്ടി വരും.
എറണാകുളം-കായംകുളം പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള 77 കി. മീറ്റർ ഭാഗത്തെ പാതയിരട്ടിപ്പിക്കൽ പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. മിഷൻ 2024ൽ ഉൾപ്പെടുത്തിയതാണ് ഈ പാതയിരട്ടിപ്പിക്കൽ. സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകാത്തതുകൊണ്ടാണ് കേരളത്തിലെ റെയില്‍വേ വികസനം മുരടിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ പതിവ് പല്ലവി. പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിൽ കേന്ദ്രമന്ത്രിസഭ വരുത്തുന്ന കാലവിളംബത്തിന്റെ കാര്യം സൗകര്യം പോലെ വിഴുങ്ങുകയും ചെയ്യുന്നു.
ദിവസേന 35 ട്രെയിനുകൾ സർവീസ് നടത്തുന്ന തീരദേശ പാതയിലെ യാത്രാ ദുരിതത്തെക്കുറിച്ച് നിരന്തരം പരാതികളുയരുന്നുണ്ട്. രാവിലെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കും വൈകിട്ട് എറണാകുളത്തു നിന്ന് തിരിച്ചും പോകുന്ന ട്രെയിനുകൾ ക്രോസിങ്ങിനായി പലയിടങ്ങളിൽ പിടിച്ചിടുന്നത് മൂലമുള്ള കഷ്ടപ്പാട് വിവരണാതീതമാണ്. സഹിക്കാനാവാത്ത തിരക്കും ആവശ്യത്തിലധികം സമയം ട്രെയിനിൽ കഴിച്ചു കൂട്ടുന്നതും മൂലം സ്ത്രീയാത്രക്കാർ കുഴഞ്ഞുവീഴുന്നതും പരവശരാകുന്നതും പതിവ് സംഭവങ്ങൾ. തുറവൂർ മുതൽ എറണാകുളം വരെയുള്ള ഭാഗം ഇരട്ടപ്പാതയായാലും അമ്പലപ്പുഴ മുതൽ തുറവൂർ വരെ ഒറ്റപ്പാതയായതിനാൽ യാത്രക്കാരുടെ ദുരിതം അപ്പോഴും പൂർണമായി അവസാനിക്കാനിടയില്ല.
രണ്ട് പതിറ്റാണ്ട് മുമ്പ് തീരുമാനമെടുത്തതും തീരദേശത്തിന്റെ സാമൂഹിക‑സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചതുമായ ഇടപ്പള്ളി-താനൂർ പാതയ്ക്കു വേണ്ടിയുള്ള മുറവിളിയും ശക്തമാവുകയാണ്. പാലക്കാട് ഡിവിഷനിൽ മൂന്നാം പാതയ്ക്കായി തയ്യാറെടുക്കുമ്പോൾ മുൻഗണനാടിസ്ഥാനത്തിൽ ഇടപ്പള്ളി-താനൂർ തീരദേശ പാതയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നാണാവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.