തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ല, പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാലാണ് നിലവിലെ 6.5 ശതമാനം നിരക്കുകള്‍ തുടരാന്‍ പണനയ സമിതി ഏകകണ്ഠമായി തീരുമാനമെടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പോളിസി നിരക്കാണ് റിപ്പോ. അവസാനമായി ഫെബ്രുവരിയിലാണ് ഉയര്‍ത്തിയത്. 25 ബേസിസ് പോയിന്റായിരുന്നു വര്‍ധന. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. 2022 മെയ് മാസം മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ധന ആര്‍ബിഐ വരുത്തിയിട്ടുണ്ട്.
മെയ് മാസത്തില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനത്തിലേയ്ക്ക് വീണ ശേഷം പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായിരുന്നു. ജൂലൈയിലിത് 6–6.5 ശതമാനത്തിലേക്ക് ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. 2023–24 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനത്തില്‍ മാറ്റം വരുത്തിയില്ല.
സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തി. മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനം എന്നിങ്ങനെയും നിലനിർത്തിയിട്ടുണ്ട്. ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതത്തിലും (സിആര്‍ആര്‍) മാറ്റമില്ല; ഇത് 4.50 ശതമാനമാണ്. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍)18 ശതമാനത്തിലും നിലനിര്‍ത്തി.
ഇന്‍ക്രിമെന്റല്‍ സിആര്‍ആറില്‍ രണ്ടാഴ്ചത്തേക്ക് ആര്‍ബിഐ മാറ്റംവരുത്തിയിട്ടുണ്ട്. ഇതുവഴി ഏകദേശം ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകള്‍ കരുതല്‍ ധന അനുപാതത്തിലേക്ക് മാറ്റേണ്ടി വരും. ഒക്ടോബറിലാണ് അടുത്ത യോഗം.
English Summary: No change in interest rates; Repo will remain at 6.5 percent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.