
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കാന്‍ ഇന്ത്യാ മുന്നണിയും മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളോട് ചെയര്‍മാന്‍ ചിറ്റമ്മ നയമാണ് പുലര്‍ത്തുന്നതെന്ന ആക്ഷേപം കഴിഞ്ഞ സമ്മേളനത്തിലും ശക്തമായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുകയും ചെയ്തു. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പിന്തിരിഞ്ഞു നിന്നതോടെ കോണ്‍ഗ്രസ് ആ നീക്കത്തില്‍ നിന്ന് പിന്നാക്കം പോകുകയാണുണ്ടായത്. ഇക്കുറി ധന്‍ഖറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് ഇന്ത്യാ മുന്നണി കക്ഷികളില്‍ നിന്നും പിന്തുണ ലഭിച്ചതായാണ് സൂചന.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കുന്നതില്‍ പിശുക്കു കാട്ടുന്ന ധന്‍ഖര്‍ ഭരണപക്ഷത്തിന് രാജ്യസഭയില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കുറിച്ച് ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങളെ കുറിച്ച് ചട്ടവിരുദ്ധമായി വ്യക്തിപരമായ പരാമര്‍ശങ്ങളും നടത്തുന്നു. സഭയില്‍ പൂര്‍ണമായും സര്‍ക്കാര്‍ അനുകൂല നിലപാടാണ് ചെയര്‍മാന്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 67 ബി പ്രകാരമാണ് ധന്‍ഖറിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുക. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഈ മാസം 20 നാണ് അവസാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.