
സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് ലോക്‌സഭയില്‍ തുടക്കമായി. ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കറാകണം ചെയര്‍ നയിക്കേണ്ടത് എന്ന ചട്ടം ഉയര്‍ത്തി പ്രതിപക്ഷം. ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിന് ലോക്‌സഭ വേദിയായി. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം സഭയുടെ പരിഗണനയ്ക്ക് എത്തിയാല്‍ ചര്‍ച്ചകള്‍ നയിക്കേണ്ടത് ഡെപ്യൂട്ടി സ്പീക്കറാകണം എന്ന ചട്ടമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നിലവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ അഭാവത്തില്‍ ചുമതല വഹിക്കാന്‍ നിശ്ചയിക്കേണ്ടയാളെ സഭാനടപടികള്‍ നിയന്ത്രിക്കാന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പാനലില്‍ നിന്നും തെരഞ്ഞെടുക്കണമെന്ന നിയമ പ്രശ്നമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
ചട്ടങ്ങളും മുന്‍ നടപ്പുരീതികളും തള്ളി പ്രതിപക്ഷ ആക്ഷേപങ്ങളെ അവഗണിച്ചാണ് സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തില്‍ 10 മണിക്കൂറാണ് സഭയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം. കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയാണ് ഉച്ചയ്ക്ക് 12.30 ഓടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, രാജീവ് റായ്, മഹുവ മൊയ്ത്ര, ടി ആര്‍ ബാലു, ലവ് ശ്രീ കൃഷ്ണ ദേവരായലു, പഞ്ചായത്ത് രാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, അരവിന്ദ് ഗണ്‍പത് സാവന്ദ്, ബ്രിജ് മനോഹര്‍ സോന്‍വാനെ, ശ്രീകാന്ത് ഏക്‌നാഥ് ഷിന്‍ഡെ, ഭക്ഷ്യ മന്ത്രി ചിരാഗ് പാസ്വാന്‍, മനീഷ് തിവാരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാത്തതും അദ്ദേഹത്തിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നതും ഉയര്‍ത്തിയാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സ്പീക്കര്‍ സര്‍ക്കാരിന്റെ പക്ഷം പിടിച്ച് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന നടപടിയും വനിതാ അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടി പ്രതിരോധത്തില്‍ തളയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
രാവിലെ സമ്മേളിച്ച രാജ്യസഭയില്‍ ശൂന്യവേളയും ചോദ്യവേളയും പിന്നിട്ട് വനം കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത്. ചര്‍ച്ചകള്‍ക്ക് മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടി നല്‍കി. തുടര്‍ന്ന് പ്രത്യേക പരാമര്‍ശങ്ങള്‍ക്കു ശേഷം സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.