കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന പതിവ് രീതി തുടരും. തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളാണ് വിജയത്തിലെത്തിയത്. പ്രവര്‍ത്തക സമിതിയിലേക്ക് കൂടുതല്‍ ആളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ മാത്രമായി പ്ലീനറി യോഗത്തിന്റെ പരിഷ്കാരങ്ങള്‍ ഒതുങ്ങുമെന്ന് ഇതോടെ ഉറപ്പായി.
പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനിന്നിരുന്നു. സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നതോടെ നാമനിര്‍ദേശം ചെയ്യുന്ന രീതി തുടരാന്‍ ധാരണയാവുകയായിരുന്നു.
പി ചിദംബരം, അജയ് മാക്കന്‍, അഭിഷേക് മനു സിംഘ്‌വി തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നും പ്രസിഡന്റ് നിര്‍ദേശിച്ചാല്‍ മതിയെന്നുമുള്ള അഭിപ്രായത്തിന് മേല്‍ക്കൈ ലഭിക്കുകയായിരുന്നു. യോഗത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തിരുന്നില്ല.
തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമെങ്കിലും, യോഗം ആവശ്യപ്പെടുകയാണെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്ലീനറി യോഗത്തിന് മുമ്പേ ഇക്കാര്യത്തില്‍ നിലപാടുമാറ്റുകയായിരുന്നു. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള ചുമതല ഖാര്‍ഗെയ്ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.
25 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തക സമിതി. ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സ്വാഭാവികമായും സമിതിയിലുണ്ടാകും. ബാക്കി 21 അംഗങ്ങളെയാണ് നിര്‍ദേശിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്മാരെയും കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രിമാരെയും പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങളാക്കാന്‍ ഭരണഘടനാ ഭേദഗതി അവതരിപ്പിക്കും. പ്രവര്‍ത്തക സമിതിയില്‍ ദളിത്, വനിത, യുവ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
English Summary: No Congress Working Committee Election
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.