മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ ഉള്ളിൽ ആശങ്ക നിറയ്ക്കുന്ന രീതിയിൽ ആരും പ്രവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. കടം എഴുതി തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിട്ടി ഒരു പ്രമേയം പാസാക്കിയാൽ മതി. എല്ലാവരും പറയുന്നത് സർക്കാർ തയ്യാറാക്കിയ ലിസ്റ്റ് എന്നാണ്. എന്നാൽ സർക്കാർ ഈ ലിസ്റ്റിൽ ഇടപ്പെടുന്നില്ല. 2എ, 2ബി ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവാസം നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ആദ്യ ഘട്ടത്തിന്റെ കരട് ഇറക്കി. പരാതികൾ കേട്ടു. ആദ്യ ലിസ്റ്റ് പൂർണ്ണമായി അംഗീകരിച്ചു. ദുരന്തബാധിതരുടെ ലിസ്റ്റല്ല, ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കും. കൽപ്പറ്റ നഗരത്തോട് ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റിലായിരിക്കും ആദ്യം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തബാധിതരിൽ 2,188 പേർക്കുള്ള ദിനബത്ത ഏറ്റവും കുറഞ്ഞത് ഒമ്പത് മാസത്തേക്കെങ്കിലും നൽകും. ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. ബെയ്‌ലി പാലത്തിന് പകരമായി സിംഗിൾ സ്പാൻ ബ്രിഡ്ജ് നിർമ്മിക്കണമെന്നാണ് തീരുമാനം. ഭാവിയിൽ ദുരന്തം ഉണ്ടായാലും റെസ്ക്യു പോയിന്റായി മാറുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി 1000 രൂപയുടെ മാസക്കൂപ്പൺ നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് ദുരന്ത സ്ഥലത്ത് ഒരു ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. അനാവശ്യമായ വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ പോവരുതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.