8 December 2025, Monday

Related news

November 16, 2025
November 11, 2025
November 5, 2025
October 12, 2025
September 24, 2025
September 23, 2025
July 4, 2025
May 27, 2025
May 21, 2025
April 15, 2025

ബീഫ് ഫ്രൈയും പൊറോട്ടയ്ക്കും ഒപ്പം ഗ്രേവി നല്‍കിയില്ല; പരാതിയുമായി യുവാവ്

Janayugom Webdesk
കൊച്ചി
May 21, 2025 10:51 pm

ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേര്‍ഷ്യന്‍ ടേബിള്‍’ എന്ന റസ്റ്റോറന്റിനെതിരെ നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. പരാതിക്കാരനും സുഹൃത്തും 2024 നവംബറിലാണ് എതിര്‍കക്ഷിയുടെ റസ്റ്റോറന്റില്‍ ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്ന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്. ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍, സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

2019‑ലെ ഉപഭോക്തൃ സംരക്ഷണ നിയമം – സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ അല്ലെങ്കില്‍ എതിര്‍കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കില്‍ കരാറിലൂടെയോ ബാധ്യത എതിര്‍കക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍, പൊറോട്ടയും ബീഫ് നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമയ്‌ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.