13 February 2026, Friday

Related news

January 31, 2026
January 28, 2026
November 10, 2025
November 6, 2025
October 3, 2025
October 2, 2025
September 16, 2025
July 31, 2025
July 20, 2025
July 20, 2025

വയനാട് ദുരന്ത സഹായം; നിലപാട് കേന്ദ്രം തിരുത്തണം

കേന്ദ്രം എന്ത് നിലപാട് സ്വീകരിച്ചാലും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് കേരളം പിറകോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
October 21, 2024 10:22 pm

വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സന്നദ്ധമാകാത്ത കേന്ദ്ര സമീപനം തിരുത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങാന്‍ കേരളത്തിലെ ബഹുജനങ്ങളോട് എല്‍ഡിഎഫ് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കണ്‍വീനര്‍. വയനാട് ദുരന്തബാധിതരെ സംരക്ഷിക്കുവാന്‍ സാധ്യമായ എല്ലാ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ ഒരു സഹായവും നല്‍കാന്‍ തയ്യാറായിട്ടില്ല. സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എല്‍ഡിഎഫ് ശക്തമായി ഈ ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ്. മാതൃകാപരമായ പുനരധിവാസ പദ്ധതിക്കാണ് സംസ്ഥാനം രൂപം നല്‍കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. കേന്ദ്രം എന്ത് നിലപാട് സ്വീകരിച്ചാലും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് കേരളം പിറകോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം സൃഷ്ടിക്കും. തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തുന്നത് വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ്. വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ ജനങ്ങളെ ‌അണിനിരത്തുക എന്നുള്ളത് ഈ തെരഞ്ഞടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി കാണുന്നു. യുഡിഎഫ്, ബിജെപിയുമായി ചേര്‍ന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കെതിരായി നിലപാട് സ്വീകരിക്കുകയാണ്. ബിജെപിയോടൊപ്പം യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കരയാണ് എല്‍ഡിഎഫിന്റെ കൈവശമുള്ള സീറ്റ്. പാലക്കാട് തിരിച്ചുപിടിക്കാനും വയനാട്ടില്‍ നല്ല നിലയില്‍ മുന്നേറ്റം സൃഷ്ടിക്കുവാനും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. നവംബര്‍ ആറ് മുതല്‍ 10 വരെ മൂന്ന് മണ്ഡലങ്ങളിലായി മുഖ്യമന്ത്രി പ്രചരണത്തില്‍ പങ്കെടുക്കും. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുവാനാണ് കേന്ദ്രഭരണാധികാരികള്‍ ശ്രമിക്കുന്നത്. എല്ലാ വര്‍ഗീയ നിലപാടുകളെയും എതിര്‍ത്ത് പരാജയപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫ് സ്വീകരിക്കുന്ന സമീപനം. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫുമായി മാറിക്കഴിഞ്ഞു. പഴയ രാഷ്ട്രീയ അന്തരീക്ഷമല്ല അവിടെ നിലനില്‍ക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.