19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 22, 2024
October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 25, 2024
August 13, 2024
August 9, 2024

ഉന്നതവിദ്യാഭ്യാസത്തിന് പണമില്ല; 60 ശതമാനം വരെ വെട്ടിച്ചുരുക്കി

കുറച്ചത് 9,000 കോടി
Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 9:30 pm

യൂണിവേഴ‍്സിറ്റി ഗ്രാന്റ്സ് കമ്മിഷന് കീഴില്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്റ്റൈപ്പന്റിനുള്ള തുകയില്‍ 60 ശതമാനം കേന്ദ്രബജറ്റില്‍ വെട്ടിക്കുറച്ചു. ഭൂരിപക്ഷം പേരും ഈ തുകയെ ആശ്രയിച്ചാണ് പഠനവും ഗവേഷണവും നടത്തുന്നത്. അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ‍്ത്തുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ പ്രധാന ബിസിനസ് സ്കൂളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനുള്ള വിഹിതവും കുത്തനെ കുറച്ചു. തുടര്‍ച്ചയായി രണ്ടാംതവണയാണിത്. ഇതെല്ലാം മറച്ചുവയ്ക്കാനാണ് സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ‍്പാ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തിയെന്ന പ്രഹസനം.

സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം 535 കോടിയിലധികം വര്‍ധിപ്പിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസത്തിനുള്ള ഗ്രാന്റ്, കഴിഞ്ഞ സാമ്പത്തിക പാദത്തിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 9,600 കോടി കുറച്ചു. വിദ്യാഭ്യാസ മേഖലയ്ക്കുള്ള മൊത്തം വിഹിതത്തില്‍ 9,000 കോടി രൂപയും കുറച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് 1.29 ലക്ഷം കോടിയാണ് അനുവദിച്ചിരുന്നത്. 2024–25 വര്‍ഷത്തിലത് 1.20 ലക്ഷം കോടിയായി കുറഞ്ഞു. സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ‍്പാ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തിയതിനൊപ്പം പ്രതിവര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വായ്പയുടെ മൂന്ന് ശതമാനം പലിശ രഹിതമായി ഇ‑വൗച്ചറുകള്‍ നേരിട്ട് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നയങ്ങളുടെയും പദ്ധതികളുടെയും ഗുണം ലഭിക്കാത്ത യുവാക്കള്‍ക്കായിരിക്കും ഇത് അനുവദിക്കുകയെന്നും വ്യക്തമാക്കി. 

ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 161 കോടിയായി ഉയര്‍ത്തിയെന്ന് ബജറ്റ് അവകാശപ്പെടുന്നു. ലോകനിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ വിഹിതം പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിലെ 1300 കോടിയില്‍ നിന്ന് 1800 കോടിയായി വര്‍ധിപ്പിച്ചതായി പറയുന്ന ബജറ്റ്, യുജിസി വിഹിതം 2,500 കോടിയായി വെട്ടിക്കുറച്ചു. കഴിഞ്ഞതവണ ഇത് 6,409 കോടിയായിരുന്നു. 60.99 ശതമാനത്തിന്റെ കുറവാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. ഇക്കൊല്ലം ആദ്യം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും വിഹിതം കുറച്ചിരുന്നു. കഴിഞ്ഞ തവണത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ ഐഐഎമ്മിന് 608.23 കോടിയാണ് നീക്കിവച്ചിരുന്നത്. പിന്നീട് 300 കോടിയായി ചുരുക്കി. ഇക്കൊല്ലം പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 331 കോടിയായിരുന്നത് ഇന്നലെ 212 കോടിയായി വെട്ടിക്കുറച്ചു. ഐഐടികളുടെ വിഹിതത്തിലും കുറവുണ്ടായി. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 10,384.21 കോടിയായിരുന്നത് സമ്പൂര്‍ണ ബജറ്റില്‍ 10,324.50 കോടിയായി കുറച്ചു. 

Eng­lish Sum­ma­ry: No mon­ey for high­er edu­ca­tion; Cut up to 60 percent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.