1 March 2026, Sunday

Related news

February 22, 2026
February 16, 2026
February 8, 2026
February 8, 2026
February 4, 2026
February 4, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

സ്ത്രീ സുരക്ഷയ്ക്ക് പണം ചെലവഴിക്കുന്നില്ല; കേന്ദ്ര ബജറ്റ് വിഹിതവും കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2026 10:03 pm

നാരീശക്തിയും സ്ത്രീസുരക്ഷയും വാതോരാതെ പ്രസംഗിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു. ബേട്ടി ബച്ചാവോ — ബേട്ടി പഠാവോ, വണ്‍ സ്റ്റോപ്പ് സെന്റര്‍, നാരി അദാലത്ത്, വനിതാ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സ്ത്രീശാക്തീകരണ പദ്ധതി യോജിപ്പിച്ചാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ശരാശരി നാല് ശതമാനം വര്‍ധിക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷാ ബജറ്റ് വെട്ടിക്കുറയ്കുന്ന സമീപനം ധനകാര്യ മന്ത്രാലയം സ്വീകരിച്ചത്. രാജ്യത്തെ മൂന്നിൽ ഒരു സ്ത്രീ ഗാർഹിക പീഡനം നേരിടുന്നു. ഇതിൽ 10 ശതമാനത്തിൽ താഴെ പേർ മാത്രമേ പൊലീസ്, കോടതികൾ, ആശുപത്രികൾ തുടങ്ങിയ ഔപചാരിക കേന്ദ്രങ്ങളില്‍ നിന്ന് സഹായം തേടുന്നുള്ളൂവെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 — 22ല്‍ സ്ത്രീ സുരക്ഷാ പദ്ധതികള്‍ ലയിപ്പിച്ച് സാംബല്‍, സമര്‍ത്ഥ്യ എന്നീ രണ്ട് പദ്ധതികളാക്കിയിരുന്നു. 2025 ഡിസംബർ അഞ്ചിലെ സ്ത്രീ സുരക്ഷയ്ക്കുള്ള പദ്ധതികളെക്കുറിച്ചുള്ള ലോക്‌സഭയുടെ ചോദ്യത്തിനുള്ള മറുപടിയനുസരിച്ച്, സാംബൽ പദ്ധതിക്കായി 629 കോടി രൂപ വകയിരുത്തിയെങ്കിലും 202 കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. 2023 — 24ല്‍ 562 കോടി രൂപ വകയിരുത്തിയതില്‍ 357 കോടി ചെലവഴിച്ചു.
2023–24 മുതല്‍ എല്ലാ സാംബല്‍ പദ്ധതിയുടെയും ചെലവഴിക്കുന്ന തുകയില്‍ ഇടിവ് സംഭവിച്ചു. 2023 — 24 ല്‍ 40% തുക ചെലവഴിച്ച സ്ഥാനത്ത് 2024–25ല്‍ 15ശതമാനത്തിലേക്ക് കൂപ്പുകുത്തി. വൺ സ്റ്റോപ്പ് സെന്ററിനും വനിതാ ഹെൽപ്പ്‌ലൈൻ പ്രോഗ്രാമുകൾക്കുമുള്ള വിഹിതം സാംബലിന്റെ വിഹിതത്തിന്റെ 60 ശതമാനത്തിലേക്ക് താണു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയിലും 40% മാത്രമാണ് വിനിയോഗിച്ചത്.
അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തിലെ കുറവ് പദ്ധതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാര്‍ലമെന്ററി സമിതി കുറ്റപ്പെടുത്തിയിരുന്നു. വണ്‍ സ്റ്റോപ്പ് സെന്ററുകളുടെ പ്രവർത്തനത്തിൽ നിരവധി ക്രമക്കേടുകളാണ് സമിതി ഉന്നയിച്ചത്. ജീവനക്കാരുടെ കുറഞ്ഞ ശമ്പളം, മോശം പരിശീലനം, അപര്യാപ്തമായ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ അടിയന്തര പിന്തുണ ആവശ്യമുള്ള മിക്ക സ്ത്രീകൾക്കും പെൺകുട്ടികൾക്കും പര്യാപ്തമാകുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. നാരീഅദാലത്തുകൾ രാജ്യത്ത് വേഗത്തില്‍ നടപ്പാക്കാനും സമിതി നിര്‍ദേശിച്ചിരുന്നു.
സ്ത്രീകൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിന് കൗൺസിലർമാരെയും മനഃശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി പരിപാടിയുടെ വ്യാപ്തി വർധിപ്പിക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അനുവദിക്കുന്ന ബജറ്റ് വിഹിതം ചെലവഴിക്കുന്നതില്‍ പോലും വനിതാ ശിശു വികസന മന്ത്രാലയം ജാഗ്രത പാലിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.