
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പഞ്ചായത്ത്-നഗരസഭാ അധ്യക്ഷരുടെ അടുത്ത ബന്ധുക്കളെ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷരായി നിയമിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പഞ്ചായത്തുകളുടെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഒതുക്കി നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് നടപടി.
ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി, പിതാവ്, മാതാവ്, പുത്രന്‍, പുത്രി, സഹോദര ഭാര്യ, സഹോദരീഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃസഹോദരി എന്നിങ്ങനെ, പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളെ ആസൂത്രണസമിതി ഉപാധ്യക്ഷ, അംഗം, മറ്റ് സമാനമായ പ്രധാന പദവികള്‍ എന്നിവയില്‍ നിയമിക്കുന്നത് വിലക്കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍, ആസൂത്രണസമിതിയുടെ ഉപാധ്യക്ഷനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവുമായ വ്യക്തി അന്യായമായി ഇടപെടുന്നതായുള്ള പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതി ഓംബുഡ്സ‌്മാന്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള പരാതികള്‍ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഓംബുഡ്സ‌്മാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
തദ്ദേശ സ്ഥാപനത്തിലെ പദ്ധതി ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആസൂത്രണ‑നിര്‍വഹണ പ്രക്രിയകളിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായാണ് ആസൂത്രണ സമിതികള്‍ രൂപീകരിച്ചത്.
തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് അധ്യക്ഷനായ സമിതിയില്‍ ഉപാധ്യക്ഷനും അംഗങ്ങളുമുള്‍പ്പെടെ 12 പേരാണ് ഉള്‍പ്പെടുന്നത്. തദ്ദേശ സ്ഥാപന സെക്രട്ടറിയാണ് ആസൂത്രണ സമിതിയുടെ കണ്‍വീനറാകുന്നത്.
ആസൂത്രണ പ്രക്രിയയില്‍ തദ്ദേശ സ്ഥാപനത്തെ സഹായിക്കാന്‍ കഴിയുന്ന വിദഗ്ധന്‍/വിദഗ്ധ ആയിരിക്കണം ഉപാധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ, സന്നദ്ധ സേവകരായ വിദഗ്ധര്‍ എന്നിവരാണ് മറ്റ് അംഗങ്ങളാകേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതിനും ജനകീയവല്‍ക്കരിക്കുന്നതിനും ഉദ്ദേശിച്ച് നടപ്പിലാക്കിയ ആസൂത്രണ സമിതികളുടെ പേരില്‍, അനാവശ്യ ഇടപെടലുകളും പിന്‍സീറ്റ് ഡ്രൈവിങ്ങും നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
English Summary: No more ‘backseat driving’ in panchayats
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.