20 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026

ടി20യില്‍ രോ-കോ കൂട്ടുകെട്ട് ഇനിയില്ല

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 10:44 pm

കിരീടനേട്ടത്തോടെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി20 ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് അതേ വേദിയില്‍ വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളിയിലെ താരം കോലിയായിരുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യക്കൊരു ലോകകപ്പ് കിരീടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് പടിയിറങ്ങുന്നത്. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു. ഇതോടെ ടി20 ടീമിൽ നായകസ്ഥാനത്തേക്ക് പുതുനിരയുടെ വരവിനും വഴിയൊരുങ്ങി. ഹാര്‍ദിക് പാണ്ഡ്യയാകും ഇനി ടി20യില്‍ ഇന്ത്യയെ നയിക്കുക.
വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐസിസി ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. രോ-കോ (രോഹിത്-കോലി) കോമ്പിനേഷന്‍ ഇനി ഉണ്ടാകില്ല എന്നത് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. 

വിരാട് കോലി

125 മത്സരങ്ങള്‍ — 4188 റണ്‍സ്
ശരാശരി — 48.69
സ്ട്രൈക്ക് റേറ്റ് — 137.04
ഉയര്‍ന്ന സ്കോര്‍ — 122
സെഞ്ചുറി — 1
അര്‍ധസെഞ്ചുറി — 38
അരങ്ങേറ്റം — 2010ല്‍ സിംബാബ്‌വെയ്ക്കെതിരെ

രോഹിത് ശര്‍മ്മ

159 മത്സരങ്ങള്‍ — 4231 റണ്‍സ്
ശരാശരി — 32.05
സ്ട്രൈക്ക് റേറ്റ് — 140.89
ഉയര്‍ന്ന സ്കോര്‍ — 121 റണ്‍സ്
സെഞ്ചുറി — 5
അര്‍ധസെഞ്ചുറി — 32
അരങ്ങേറ്റം — 2007ല്‍ ഇംഗ്ലണ്ടിനെതിരെ

വിരാട് കോലി

ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിച്ച നേട്ടവും ഇതു തന്നെയായിരുന്നു. അവിസ്മരണീയമായ മത്സരം തന്നെയായിരുന്നു ഇത്. ഞാന്‍ തലകുനിക്കുന്നു, ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടത്. ടി20 ഫോര്‍മാറ്റില്‍ അവര്‍ ടീമിനെ മുന്നോട്ടു നയിക്കുകയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. 

രോഹിത് ശര്‍മ്മ

എന്റെ അവസാന ടി20 മത്സരമായിരുന്നിത്. ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിനും മികച്ച മറ്റൊരു സമയമില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നത്. ആഗ്രഹിച്ച കപ്പ് നേടി. ഇത് വളരെ മോശം വാക്കുകള്‍ ആയിരിക്കാം, അതില്‍ പ്രയാസമുണ്ട്. ഞാന്‍ ഈ നിമിഷത്തില്‍ ഏറെ വൈകാരികമാണ്. ഒടുവില്‍ ഞങ്ങള്‍ ആ കടമ്പ കടന്നതില്‍ സന്തോഷമുണ്ട്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.