
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കുന്നത് ഇടതുപക്ഷമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ശക്തമായി എതിര്‍ത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷായെ അദ്ദേഹം തള്ളിപ്പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ധാര്‍മ്മികത പഠിപ്പിക്കാന്‍ അമിത് ഷായ്ക്ക് എന്താണ് യോഗ്യത. ആയുധം താഴെവയ്ക്കാനും ചര്‍ച്ചകള്‍ക്കും മാവോയിസ്റ്റുകള്‍ നേരത്തെ സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ല. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ആദിവാസികളെ കാട്ടില്‍ നിന്നും ഇറക്കിവിടാനും കൊന്നൊടുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദിവാസി ഭൂമി അഡാനിയുടെ കൈകളിലേക്ക് എത്തിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി. ഇടതുപക്ഷ തീവ്ര നിലപാടിനെതിരെ വാചാലനാകുന്ന അമിത് ഷായും കേന്ദ്ര സര്‍ക്കാരും വലതുപക്ഷ തീവ്രവാദത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും സര്‍ക്കാരിന് മൗനം മാത്രമായിരുന്നു. ആര്‍എസ്എസും അനുബന്ധ സംഘടനകളും മതത്തിന്റെ പേരില്‍ നടത്തുന്ന വേട്ടകളില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് ഇടതുപക്ഷമാണെന്ന് ഇന്ന് കുറ്റപ്പെടുത്തുന്ന ബിജെപി നാളെ കോണ്‍ഗ്രസെന്നും പിന്നെ മറ്റുപലരുടെയും മേല്‍ പഴിചാരുമെന്നും രാജ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കാലത്തു മാത്രമുള്ള കൂട്ടായ്മയാകരുത്. പരസ്പര വിശ്വാസത്തോടെ, സാമ്പത്തിക അജണ്ടയും രാജ്യത്തിന്റെ സമഗ്ര വികസനവും ബിജെപി മുക്ത ഇന്ത്യയെന്ന ലക്ഷ്യത്തിനും വേണ്ടിയാകണം ഒരുമിക്കേണ്ടത്. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പരസ്പരം അംഗീകരിച്ച് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിവേണം മുന്നോട്ടുപോകാന്‍. ഇതിനായി സിപിഐ മുന്നിട്ടിറങ്ങുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇടതുപക്ഷ ഐക്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ്. കമ്മ്യൂണിസ്റ്റ് ഐക്യം സാധ്യമാക്കി ബിജെപി സര്‍ക്കാരിനെതിരെ പോരാടാന്‍ സിപിഐ മുന്‍കൈ എടുക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ (എം), സിപിഐ (എംഎല്‍), ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ചത് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ചണ്ഡീഗഢില്‍ നടന്ന 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായിരുന്നുവെന്ന് രാജ പറഞ്ഞു. അഞ്ച് ദിവസമായി നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നിരവധി പ്രമേയങ്ങള്‍ പാസാക്കി. തെലങ്കാനയിലെ ഖമ്മത്ത് നടക്കുന്ന പടുകൂറ്റന്‍ റാലിയോടെയാണ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം. ഇതിന് മുന്നോടിയായി അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനം വിജയവാഡയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാജ നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇന്നലെ നടന്നത്. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ഡോ. ബാലചന്ദ്ര കാംഗോയും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.