6 December 2025, Saturday

Related news

November 2, 2025
May 30, 2025
May 4, 2025
February 23, 2025
January 5, 2025
December 29, 2024
November 4, 2024
October 31, 2024
June 20, 2024
June 13, 2024

നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റു വഴിയാധാരമാകുന്നതില്‍ അങ്ങ് സൃഷ്ടിച്ച ചരിത്രം ആരും തകര്‍ത്തിട്ടില്ല:കെ മുരളീധരന് മറുപടിയുമായി ഡോ ജോ ജോസഫ്

Janayugom Webdesk
കൊച്ചി
May 30, 2025 11:27 am

തെറ്റായ പരാമർശങ്ങൾ നടത്തിയ കോൺ​ഗ്രസ് നേതാവ് കെ മുരളീധരന് ചുട്ടമറുപടി നൽ‌കി ഡോ. ജോ ജോസഫ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റ് വഴിയാധാരമായി ചരിത്രം സൃഷ്ടിക്കാൻ മുരളീധരന് മാത്രമേ കഴിഞ്ഞിട്ടുള്ളെന്നും ഇത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാകുമോയെന്നും ഡോ ജോജോസഫ് പറയുന്നു. താൻ ഇനി വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി.

തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയെന്നും തങ്ങളുടെ ഡോക്ടർമാരെ വഴിയാധാരമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് അഭ്യർഥിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ അതിന് ശക്തമായ മറുപടിയാണ് ഡോ ജോജോസഫ് നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് ഏഴ് തവണയാണെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതിലൂടെ മുരളീധരൻ സൃഷ്ടിച്ച തോൽ‌വികളുടെ റെക്കോർ‍ഡ് 21 വർഷത്തിനു ശേഷവും ആർക്കും തകർക്കാൻ സാധിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. സാമ്പത്തികമായും പ്രൊഫഷണലിയും ഞാൻ വഴിയാധാരമായെന്നാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ ഓൺലൈൻ വാർത്തകളെ ആധാരമാക്കി സംസാരിക്കരുതെന്നും അതിന്റെ വസ്തുതകൾ പരിശോധിക്കാൻ മറ്റ് ധാരാളം മാർ​ഗങ്ങളുണ്ടെന്നും ജോ ജോസഫ് മറുപടിയിൽ പറഞ്ഞു. 

ഡോ ജോ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവർ പടച്ചുവിടുന്ന ഇവയിൽ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാൽ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ നിരുത്തരവാദപരമായ പരാമർശം ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹത്തെ നേരിട്ടു വിളിച്ചിരുന്നു. ഒരിക്കൽപോലും ഫോൺ എടുത്തില്ല ലഭ്യമായ വാട്സ്ആപ്പ് നമ്പറിൽ മെസേജും അയച്ചു. അദ്ദേഹം ഒരു മറുപടിയും നൽകിയില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു ചാനൽ ചർച്ചയിൽ ശ്രീ. റോജി എം ജോൺ എംഎൽഎ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയപ്പോൾ നേരിട്ട് വിളിക്കുകയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. താൻ പറഞ്ഞ പ്രസ്താവന വ്യക്തിപരമായി കാണരുതെന്ന് അദ്ദേഹം പറയുകയും ചെയ്തു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആസന്നമായ ഈ സാഹചര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരൻ ഒരു പ്രസ്താവന നടത്തിയതായി കണ്ടു “തൃക്കാക്കരയിൽ മത്സരിപ്പിച്ച്‌ ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേ” എന്ന്. ഇപ്രാവശ്യം നേരിട്ട് വിളിക്കാതെ വസ്തുതകൾ പരിശോധിക്കാമെന്നും അവ എഴുതി ബോധ്യപ്പെടുത്താമെന്നും വെച്ചു. അങ്ങ് ഞാൻ തിരഞ്ഞെടുപ്പിൽ തോറ്റതിനെയാണ് ഉദ്ദേശിച്ചതെങ്കിൽ ശരിയാണ് ‚ആ രാഷ്ട്രീയ പോരാട്ടത്തിൽ ഞങ്ങൾ തോറ്റു (ട്വന്റി 20 യുടെ അസാന്നിധ്യം, ബിജെപി സ്ഥാനാർഥിക്ക് കെട്ടിവെച്ച് കാശ് നഷ്ടപ്പെടുന്ന അവസ്ഥ, എസ്.ഡി.പി.ഐ ജമായത്തെ ഇസ്ലാമി അടക്കം എല്ലാ വർഗീയശക്തികളുടെയും ഐക്യം- ഇതൊക്കെ ആരും മറന്നിട്ടില്ല)

എന്നാൽ അങ്ങ് തിരഞ്ഞെടുപ്പ് തോൽവിയിലൂടെ അക്ഷരാർത്ഥത്തിൽ വഴിയാധാരമായത് 7 തവണയാണ്. ലോക്സഭയിലേക്ക് നാലു പ്രാവശ്യം, നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം. 1996 ൽ കോഴിക്കോട് ലോക്സഭാ സീറ്റിൽ 38,703 വോട്ടിന് എംപി വീരേന്ദ്രകുമാറിനോട് തോറ്റ് വഴിയാധാരമാകലുകളുടെ തുടക്കം. 1998 ൽ തൃശ്ശൂർ ലോക്സഭാ സീറ്റിൽ സ. വി വി രാഘവനോട് 18,403 വോട്ടിന് തോറ്റു വീണ്ടും വഴിയാധാരമായി. 2009 ൽ വയനാട് ലോക്സഭാ സീറ്റിൽ എം ഐ ഷാനവാസിനോട് അങ്ങ് തോറ്റു വഴിയാധാരമായത് 3,11,040 വോട്ടിനാണ്. ഈ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ പിന്നിൽ കിടന്നിരുന്ന ബിജെപിയെ അധികാരത്തിന്റെ സപ്രമഞ്ചകട്ടിലിൽ കിടത്താനായി അങ്ങ് ആഞ്ഞു പരിശ്രമിച്ചപ്പോൾ അങ്ങയുടെ സ്ഥാനം മൂന്നാമതാണ്. എന്റെ തോൽവിയെക്കാൾ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോൽവിയാണ്. നിയമസഭയിൽ അങ്ങ് തോറ്റു വഴിയാധാരമായത് നാല് തവണ. 2004 ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ അങ്ങ് സ. എ സി മൊയ്തീനോട് തോറ്റു വഴിയാധാരമായത്‌ ഓർമ്മയുണ്ടാകുമല്ലോ? 2006ഇൽ കൊടുവള്ളിയിൽ സ. പി ടി എ റഹിമിനോട് തോറ്റു വഴിയാധാരമായത് 7506 വോട്ടിനാണ്. 2021 അങ്ങ് നേമത്ത്‌ തോറ്റു വഴിയാധാരമായത്‌ 19,313 വോട്ടിനാണ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റു വഴിയാധാരമായിരിക്കുന്നത് ഒരുപക്ഷേ അങ്ങ് മാത്രമായിരിക്കും.

2004 ൽ മന്ത്രി ആയതിനുശേഷം നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അങ്ങ് തോറ്റു വഴിയാധാരമായതിനേക്കാൾ ദയനീയമായ മറ്റൊരു വഴിയാധാരമാകൽ കേരള രാഷ്ട്രീയ ചരിത്രത്തിലില്ല. ആ തോൽവിയിലൂടെ അങ്ങ് സൃഷ്ടിച്ച നാല് റെക്കോഡുകൾ 21 വർഷത്തിനു ശേഷവും ആർക്കും തകർക്കാൻ സാധിച്ചിട്ടില്ല. എംഎൽഎ ആകാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. എംഎൽഎ ആകാത്ത കേരളത്തിലെ ഏക മന്ത്രി. നിയമസഭയെ ഒരിക്കൽപോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. നിയമസഭയെ ഒരിക്കൽപോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ഏക മന്ത്രി എന്നിവയാണ് അവ.

പിന്നെ സാമ്പത്തികമായി ഞാൻ വഴിയാധാരമായി എന്നാണ് അങ്ങ് ഉദ്ദേശിച്ചതെങ്കിൽ അങ്ങേക്ക് തെറ്റി. ഏതെങ്കിലും ഓൺലൈൻ വാർത്തകളാണ് ആധാരമെങ്കിൽ അങ്ങയുടെ ക്രെഡിബിലിറ്റി ഇത്ര മാത്രമേ ഉള്ളു എനിക്ക് മനസിലായി. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിന്റെ ആധാരം എന്റെ വീട്ടിലുണ്ട്. ഇലക്ഷനു മുൻപോ പിൻപോ ഒരിഞ്ചുപോലും വിറ്റിട്ടുമില്ല,മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് സ്മാരകമുണ്ടാക്കാൻ കൊടുത്തിട്ടുമില്ല.എറണാകുളത്ത് വന്നശേഷം മേടിച്ച സ്ഥലത്തിന്റെയും വീടിന്റെയും ആധാരം ബാങ്കിലാണ്. സർട്ടിഫൈഡ് കോപ്പി കാണിച്ചു തരാം. അങ്ങയെപ്പോലെ വായിൽ വെള്ളി കരണ്ടിയുമായി ജനിക്കാത്തതുകൊണ്ട് വായ്‌പ എടുക്കേണ്ടി വന്നതുകൊണ്ടാണ് അത് ബാങ്കിലായത്. എന്റെ ഇലക്ഷന്റെ വരവ് ചിലവ് കണക്കുകൾ ഇലക്ഷൻ കമ്മീഷനനെ ഞാൻ ബോധിപ്പിച്ചിട്ടുള്ളതാണ്. അതും അങ്ങേയ്ക്ക് പരിശോധിക്കാവു ന്നതാണല്ലോ. 13 പ്രാവശ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ച അങ്ങേയ്ക്ക് ആ വരവ് ചിലവ് കണക്കുകൾ എങ്ങനെ ലഭിക്കും എന്ന് തീർച്ചയായും അറിയാമല്ലോ.

പിന്നെ ഞാൻ പ്രൊഫഷണലി വഴിയാധാരമായി എന്ന് അങ്ങ് കരുതുന്നുണ്ടെങ്കിൽ അതിന്റെ വസ്തുതകൾ പരിശോധിക്കാൻ ധാരാളം മാർഗങ്ങളുണ്ടല്ലോ. അങ്ങയുടെ തന്നെ സ്റ്റാഫിന്റെ അമ്മയുടെ ചികിത്സാർഥം അങ്ങ് എന്നെ വിളിച്ചത് ഒരു പക്ഷേ അങ്ങ് മറന്നു പോയിട്ടുണ്ടാവാം. അങ്ങ് പലപ്രാവശ്യം തോറ്റതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ അങ്ങയുടെ സ്റ്റാഫിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. അതോ അങ്ങയുടെ തോൽവികൾ മൂലം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടോയെന്നും എനിക്കറിയില്ല. വഴിയാധാരമായി എന്ന പദം ഞാൻ മനപ്പൂർവ്വം ഉപയോഗിക്കാത്തതാണ്.
ഇലക്ഷന് ശേഷം മാത്രം ഞാൻ ചികിത്സിച്ചവരിൽ അങ്ങയുടെ തന്നെ പാർട്ടിയിലെ സാധാരണ പ്രവർത്തകർ, മാഞ്ഞൂരാനെ പോലുള്ള എറണാകുളത്തെ നേതാക്കന്മാർ, യൂത്ത് കോൺഗ്രസുകാർ തൊട്ട് അങ്ങേക്കാൾ പാർട്ടിയിൽ തലപൊക്കമുള്ള നേതാക്കന്മാർ വരെയുണ്ട്. ഞാൻ പ്രൊഫഷണലി വഴിയാധാരമായോ എന്ന് അങ്ങേയ്ക്ക് ഇവരിൽ ആരെയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു.

പിന്നെ പാർട്ടി വഴിയാധാരമാക്കി എന്നാണ് ഉദ്ദേശിച്ചെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് അങ്ങേക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഇലക്ഷന് മുമ്പ് ഏത് ഘടകത്തിലാണോ മെമ്പർഷിപ്പ് ഉണ്ടായിരുന്നത് അതേ ഘടകത്തിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നു.ജില്ലാതലത്തിൽ തന്നെയുള്ള അനേകം ചുമതലകൾ പാർട്ടി നൽകി. കഴിവിനൊത്ത് പ്രവർത്തിക്കുന്നു. ഇന്നലെത്തന്നെ പാർട്ടി ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉണ്ടാക്കിയ സമിതിയിൽ വൈസ് ചെയർമാന്റെ പാനലിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളോ എംഎൽഎമാരോ അല്ലാത്ത ഒരാളുണ്ടെങ്കിൽ അത് ഞാനാണ്. ഇതാണ് ചേർത്തു പിടിക്കൽ.

പിന്നെ അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടായിട്ടുണ്ടാകുമോ? 2008 ഏപ്രിൽ 12ലെ ഫ്രണ്ട്ലൈനിൽ വന്ന ലേഖനത്തിൽ തന്നെ വഞ്ചിച്ചുവെന്ന് അങ്ങ് പറഞ്ഞത് അങ്ങയുടെ പിതാവിനെ കുറിച്ചാണ്. 16 വർഷത്തിനിപ്പുറം അങ്ങ് വഞ്ചിച്ചു എന്ന് പറയുന്നത് അങ്ങയുടെ സ്വന്തം സഹോദരിയെ കുറിച്ച് തന്നെയാണ്

വഴിയാധാരമാക്കലിൽ അങ്ങയുടെ മറ്റൊരു നേട്ടമാണ് ഡിക്ക്‌ അങ്ങയാൽ വഴിയാധാരമായ ഒരു രാഷ്ട്രീയകക്ഷി. ഇത്രയും ഗതികേടുണ്ടായ മറ്റൊരു രാഷ്ട്രീയകക്ഷി കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ഐഎംഎയോട് അങ്ങ് ഒരു അഭ്യർത്ഥന നടത്തുന്നതായി ഞാൻ കണ്ടു. അതിനായി ചാനൽ മൈക്കുകൾക്ക് മുമ്പിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നോ സ്വന്തം അളിയന്റെ ഫോൺ നമ്പർ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ലെങ്കിൽ അങ്ങേക്ക് ഒന്ന് വിളിച്ച് ഇത്തരത്തിൽ ഒരു പ്രത്യേക പ്രേമേയം പാസാക്കാൻ ആവശ്യപ്പെടാമായിരുന്നു. കാരണം കേരളത്തിലെ ഐഎംഎയുടെ തലമുതിർന്ന നേതാക്കന്മാരിൽ ഒരാളാണല്ലോ അദ്ദേഹം എന്നും ഡോ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.