23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

കാല്‍പന്തില്‍ ആരും അജയ്യരല്ല

പന്ന്യന്‍ രവീന്ദ്രന്‍
കളിയെഴുത്ത്
November 2, 2025 10:50 pm

കളിയിൽ വിജയ പരാജയങ്ങൾ പുതുമയല്ല. ആരും അജയ്യരുമല്ല. ഇതിന്റെ ഏറ്റവും വലിയ നേർക്കാഴ്ചയാണിപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദൃശ്യമാകുന്നത്. ആകപ്പാടെ മുങ്ങിയും പൊങ്ങിയും നീങ്ങുന്ന വമ്പന്മാരുടെ ഗതിവിഗതികൾ ആകാംക്ഷയുണർത്തുന്നു. മുഹമ്മദ് സലയുടെ കരുത്തിൽ ജനങ്ങളുടെ മനസ് കവർന്നവരാണ് ലിവർപൂൾ. ലോകമറിയുന്ന വലിയ ടീമുകളെ തോല്പിച്ചും വരച്ചവരയ്ക്കു നിർത്തിയും കടന്നുവരുന്നവരാണവർ. ലിവർപൂളിന് തുടർച്ചയായി ആറുകളികളിൽ തോൽവി മാത്രമായിരുന്നു. കരബാവോ കപ്പിൽ ക്രിസ്റ്റല്‍ പാലസിനോട് കാൽ ഡസൻ ഗോളുകൾക്ക് മൂക്ക് കുത്തി വീണു. ക്വാർട്ടറിൽ നിന്നും പുറത്തായി. ഇപ്പോൾ ഒരു കളിയിൽ അവർ തിരിച്ചുവന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരായ ആഴ്സണലിനെ രണ്ട് ഗോളിന് തകർത്തു. കടുത്ത പോരാട്ടമാണ് നടന്നത്. സിറ്റിയുടെ കളി ആകർഷണീയവും എതിരാളികളെ നിർവീര്യരാക്കുന്നതുമായി. ജർമ്മനിയിൽ ബുണ്ടസ് ലിഗയിലെ ചാമ്പ്യന്മാരുടെ ഏകപക്ഷീയമായ മത്സരമാണ് ലെവർകുസനുമായി നടന്നത്. കേരള സൂപ്പർ ലീഗിന്റെ മത്സരങ്ങൾ ആവേശത്തോടെ മൂന്നേറുകയാണ്. കൊച്ചിയൊഴിച്ചുള്ള ടീമുകൾ മത്സരരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുവാൻ പരിശ്രമിക്കുന്നുണ്ട്. പോയിന്റ് തലത്തിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തു കണ്ണൂരാണ്. നാലുകളിയിൽ രണ്ടു സമനിലയും രണ്ടു വിജയവുമാണ് അവരുടെ കണക്കിൽ. കളിച്ച നാലുകളിയും എവേ മത്സരങ്ങളാണ്. ഇനിയുള്ള നാല് ഹോം ഗ്രൗണ്ട് മൽസരവും അവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കാരണം സ്വന്തം ഗ്രൗണ്ട് എന്ന ആനുകൂല്യവും ടീമിന്റെ കോംബിനേഷനും അവർക്ക് കൂടുതൽ മനക്കരുത്ത് നൽകുന്നു. 

തൃശൂർ മാജിക്‌ പേരു പോലെ മാജിക്ക് ഗെയിമാണ് കളിക്കുന്നത്. മൂന്ന് കളിയിൽ അവർ ജയിച്ചു കയറി. തിരുവനന്തപുരം ടീമും കരുത്തരാണ്. ഇനിയുള്ള മൂന്ന് ടീമും മൈതാനത്ത് മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. മലപ്പുറവും, കോഴിക്കോടും പൊരുതുന്ന ടീമുകളാണെന്ന് ഇതുവരെ നടന്ന കളികളിൽ പ്രകടിതമായി. മാത്രമല്ല. ഹോം ഗ്രൗണ്ടുകൾ എല്ലാവർക്കും വേണമെന്ന തീരുമാനത്തിന് നല്ല പ്രയോജനമുണ്ടായി. കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ കാണികളും ക്ലബ്ബധികാരികളും ഉൾപ്പെടെ നല്ല ജനക്കൂട്ടം കളി കാണാൻ എത്തിയിരുന്നു. തുടർച്ചയായി കളി കാണാൻ വരുന്നവരുടെ എണ്ണത്തിൽ വര്‍ധന കാണുന്നത് നല്ല ലക്ഷണമാണ്. ഇത്തവണത്തെ ഫൈനലിസിമ മത്സരം മാർച്ച്‌ 28ന് നടത്തുന്നതിന് ഫിഫ തീരുമാനിച്ചു. ഖത്തർ ലുസൈൻ സ്റ്റേഡിയമാണ് വേദി. ലോകകപ്പിന് മാസങ്ങൾ മാത്രം അകലം നിലനിൽക്കുമ്പോൾ ഈ മത്സരത്തിന് വലിയ പ്രാധാന്യവും ഓളവുമുണ്ട്. ഇപ്പോൾ സ്പെയിൻ നല്ല സാധ്യതയുള്ള ടീമാണ് അവർ ലോക റാങ്കിൽ ഒന്നാമതാണ്. മാത്രമല്ല നല്ല കളിക്കാരുടെ ഒരു വലിയ നിര സ്പെയിനിനുണ്ട്. മത്സരം ജയിക്കാനാവശ്യമായ എല്ലാ അടവുകളും തന്ത്രങ്ങളും അവർ പ്രയോഗിക്കും. അർജന്റീനയുടെ പുതിയ ടീം ആരെയും വെല്ലാനും കെല്പുള്ളവരാണ്. മെസിയെന്ന ഫുട്ബോൾ മാന്ത്രികന്റെ പിഴയ്ക്കാത്ത കളികൾ ഒരപസർപ്പക കഥപോലെ ജനഹൃദയങ്ങളിൽ മായാതെ കിടക്കുകയാണ്. മെസിയുൾപ്പെടെയുള്ള പടക്കുതിരകൾ അർജന്റീനയുടെ വലിയ ശക്തിയാണ്. സ്പെയിൻ മോശക്കാരല്ല. പക്ഷെ മെസിയുടെ സ്വപ്നം പുതിയ ലോകകപ്പിലെ ജയമാണ്. അതിനു പ്രതിജ്ഞയെടുത്തവരാണ് രാജ്യം മുഴുവനും. രാജ്യത്തെ ജയിപ്പിക്കാൻ മെസിക്ക് കഴിയുമെന്ന് ജനം വിശ്വസിക്കുന്നു. മെസി ഇനിയും മൂന്നുവർഷം ഫുട്ബോൾ രംഗത്ത് കളിക്കളം അടക്കിവാഴാൻ ഉണ്ടാകുമെന്നത് ആരാധകർക്ക് ആവേശം പകരുന്നു. 

സ്കൂൾ കായിക മേള തിരുവനന്തപുരത്ത് ആഘോഷപൂർവമാണ് നടന്നത്. അത്‌ലറ്റിക്സിൽ മികച്ച പോരാട്ടം നടത്തിയ കുട്ടികൾ അസാധാരണ പ്രകടനമാണ് കാഴ്ച വച്ചത്. നേരത്തെ സ്ഥാപിച്ച റെക്കോ‍ഡുകൾ പുതുക്കാനും മറികടക്കാനും കുട്ടികൾക്ക് അനായാസം കഴിയുന്നു. നമ്മുടെ സ്കൂളുകൾ പഠനത്തിലും കളിയിലും മുന്നിലാണെന്ന് നേരിൽ കാണിച്ചുകൊടുത്തു. ഓട്ടം, ഹൈജമ്പ്, ലോംഗ്ജമ്പ് തുടങ്ങിയ ഇനങ്ങളിൽ വിസ്മയകരമായ പ്രകടനമാണ് നടന്നത്. ഗെയിംസിനെയും നീന്തൽ മത്സരത്തെയും ആകാംക്ഷയുടെ മുൾമുനയിലാണ് കണ്ടത്. 38ഉം 34ഉം വർഷത്തെ റെക്കോ‍ഡുകളാണ് പഴങ്കഥകളായി മാറിയത്. ഇത്തവണ കളരിപ്പയറ്റ് ആകർഷകമായി. രാജ്യത്തെ മത്സരവേദികളിൽ ഭ്രഷ്ട് കല്പിക്കപ്പെട്ട കളരിപ്പയറ്റ് ഏറെ ആകർഷകമായി നടന്നു. ആയോധനകലയിൽ കേരളീയർക്കുള്ള പ്രത്യേക കഴിവ് തലസ്ഥാനത്ത് നേരിൽകണ്ടു. വടക്കൻ പാട്ടിന്റെ അകമ്പടിയിൽ വടക്കെ മലബാറിന്റെ മനസ് കവർന്നെടുക്കുന്ന കളരിപ്പയറ്റാണ് തലസ്ഥാനത്തെ ജനഹൃദയങ്ങളിൽ കടന്നുവന്ന് ഓളം തല്ലിയത്. മത്സരങ്ങൾ സമാപിച്ചപ്പോൾ ഒന്നാം സ്ഥാനം തലസ്ഥാനത്തിനായി. സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി. 117 പവൻതൂക്കമുള്ള കപ്പിൽ ആദ്യ അവകാശികൾ തിരുവനന്തപുരം തന്നെയായി. സർക്കാർ സ്കൂളുകളിൽ സ്പോർട്സ് സ്കൂളിനുള്ള അംഗീകാരം ജി വി രാജ സ്കൂളിനാണ് ലഭിച്ചത്. ഒരാഴ്ചക്കാലം തലസ്ഥാനനഗരി മത്സരവേദിയായപ്പോൾ സാധാരണ കാണാറുള്ള തർക്കങ്ങൾ ഉണ്ടായിരുന്നില്ല എന്നത് വലിയ സന്തോഷം നൽകുന്ന വസ്തുതയാണ്. വിദ്യാഭ്യാസ വകുപ്പ് നന്നായി പ്രവർത്തിച്ചു നടത്തിയ മത്സരങ്ങളിൽ മിക്കതും തുല്യതയിലായിരുന്നു. ജഡ്ജ്മെന്റിൽ സാധാരണയുള്ള ആക്ഷേപങ്ങൾ ഇല്ലായിരുന്നു എന്ന് പറയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.