23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 26, 2024
July 7, 2024
March 26, 2024
January 18, 2024
August 30, 2023
August 20, 2023
February 8, 2023
August 23, 2022
August 20, 2022
August 12, 2022

ഇനിയാരും പഠനത്തില്‍ പിന്നോട്ടാകില്ല; കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍

ശ്യാമ രാജീവ്
തിരുവനന്തപുരം
March 26, 2024 10:00 pm

ഇനിയാരും പഠനത്തില്‍ പിന്നാക്കമാകില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. പഠനത്തില്‍ പ്രത്യേക പിന്തുണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതി ഒരുങ്ങുന്നു. പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ നേരിട്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കും. സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പഠിതാക്കള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന‌തിന്റെ ഭാഗമായാണ് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നത്.
പദ്ധതി രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി എസ്‌സിഇആര്‍ടി വെബ്സൈറ്റില്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. അധ്യാപക സംഘടനകള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രൂപരേഖയുടെ കരടില്‍ ഏപ്രില്‍ 10 വരെ അഭിപ്രായം പറയാന്‍ അവസരമുണ്ടാകും. തുടര്‍ നടപടികള്‍ക്കുശേഷം ഇതുസംബന്ധിച്ച് ഉത്തരവ് പ്രസിദ്ധീകരിക്കും. കരടില്‍ പറഞ്ഞിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മേയ് മാസത്തില്‍ തുടക്കംകുറിക്കുമെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, ജനയുഗത്തോട് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെ എ, ബി, സി , ഡി, ഇ ഗ്രേഡുകളാണ് നിലവില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഒമ്പത്, പത്ത് ക്ലാസുകളില്‍ എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി, ഇ പ്ലസ്, ഇ ഗ്രേഡുകളും നല്‍കുന്നു. ഇ, ഡി ഗ്രേഡുകള്‍ കിട്ടിയ കുട്ടികള്‍ കൃത്യമായ ശേഷികള്‍ നേടാത്തവരാണ്. ഇത്തരത്തില്‍ ഇ, ഡി ഗ്രേഡുകള്‍ ലഭിച്ച പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന പഠന പിന്തുണാപരിപാടിയാണ് സമഗ്ര പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇ, ഡി ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കുക, തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ കുട്ടികളും ശേഷികള്‍ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, അധ്യാപക രക്ഷാകര്‍തൃ ബന്ധത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി നേടുക എന്നിവയാണ് പഠന പിന്തുണാ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

പ്രാഥമികം, ആസൂത്രണം, വിലയിരുത്തല്‍ എന്നിങ്ങനെ മൂന്ന് ഘട്ടമായി തരം തിരിച്ചാണ് പ്രവര്‍ത്തന പദ്ധതിരേഖയുടെ കരട് തയ്യാറാക്കിയിരിക്കുന്നത്. വാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞാലുടന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒന്ന് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ ഇ ഗ്രേഡും ഒമ്പതാം ക്ലാസില്‍ ഡി, ഇ ഗ്രേഡുകളും നേടിയ കുട്ടികളുടെ പ്രത്യേകം പട്ടിക തയ്യാറാക്കുന്നതാണ് പ്രാഥമിക ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍. പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ വീടുകള്‍ അധ്യാപകര്‍ നേരിട്ട് സന്ദര്‍ശിച്ച് അതത് വിഷയങ്ങളിലുള്ള പാഠഭാഗം നിര്‍ദേശിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. പഠന പിന്തുണാസാമഗ്രികള്‍ തയ്യാറാക്കുന്നതില്‍ ബിആര്‍സി ട്രെയിനര്‍മാരുടെ സഹായം ഉണ്ടാകും. പിടിഎ വിദ്യാലയ സഹകരണം ശക്തമാക്കാനുള്ള ഇടപെടലും രണ്ടാം ഘട്ടത്തില്‍ പറയുന്നു. 

വിലയിരുത്തല്‍ ഘട്ടത്തില്‍ പ്രതീക്ഷിച്ച പഠനനേട്ടങ്ങള്‍ നേടിയോ എന്നറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി പഠന പുരോഗതി പ്രധാനാധ്യാപകന്‍ വിലയിരുത്തും. തുടര്‍ന്ന് വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്തും. വകുപ്പ് തല മോണിറ്ററിങ്ങിലൂടെ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അധ്യാപക പരിശീലനം ആരംഭിക്കും. മേയ് അവസാനം പഠന പിന്തുണ ക്ലാസുകള്‍ നല്‍കാനാണ് തീരുമാനം. അതിന് മുമ്പ് ഏപ്രിലില്‍ പിന്തുണ ആവശ്യമായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും കുട്ടികളുടെ ഭവന സന്ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. കുട്ടികള്‍ക്ക് വേനല്‍ അവധി ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പഠന പിന്തുണയ്ക്കായി ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. 

Eng­lish Summary:No one is left behind in learn­ing; Govt to hold hands

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.