
2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസ് സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷണൽ ട്രാവൽ ആന്റ് ടൂറിസം ഓഫിസ് (എൻടിടിഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണിത്. മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5% ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോളപ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്. യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ഫെബ്രുവരിയിൽ 1.9%, മാർച്ചിൽ എട്ട് ശതമാനം, മേയിൽ ഏഴ് ശതമാനം, ജൂണിൽ 6.2%, എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ സൂചിപ്പിക്കുന്നു.
ജനുവരിയിലും ഏപ്രിലിലും മാത്രമാണ് 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിലാകട്ടെ ബ്രസീലും.
ജൂണിൽ യുഎസിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ 60 ശതമാനത്തോളം സംഭാവന ചെയ്തത് ഈ അഞ്ച് രാജ്യങ്ങളാണ്. മുൻകാലങ്ങളില്‍ യുഎസിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളിൽ വിദ്യാർത്ഥികളും, ബിസിനസ് പ്രൊഫഷണലുകളും, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുവാൻ എത്തുന്നവരുമാണ് ഉൾപ്പെട്ടിരുന്നത്. നിലവിലെ മാന്ദ്യം വിദ്യാർത്ഥികളിലാണ് ഏറ്റവും പ്രകടമായിരിക്കുന്നത്. വിസയുടെ കാലതാമസങ്ങളും നിയന്ത്രണങ്ങളും തുടരുന്നതനുസരിച്ച് സന്ദർശകരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.