18 December 2024, Wednesday
KSFE Galaxy Chits Banner 2

യാത്രാക്കപ്പലുകളില്ല: നട്ടംതിരിഞ്ഞ് ലക്ഷദ്വീപ് ജനത

ബേബി ആലുവ
കൊച്ചി
January 28, 2023 9:30 pm

ലക്ഷദ്വീപ് നിവാസികളുടെ മേൽ അതിരൂക്ഷമായ യാത്രാ ദുരിതം അടിച്ചേല്പിച്ച് ഭരണകൂടം. ചികിത്സയ്ക്കും വിവിധ പരീക്ഷകളിൽ സംബന്ധിക്കുന്നതിനും വിദ്യാഭ്യാസത്തിനും മറ്റുമായി കൊച്ചിയിലും ബംഗളൂരുവിലുമൊക്കെ എത്തുന്ന ലക്ഷദ്വീപുകാർ മടക്കയാത്രയ്ക്ക് വഴി കാണാതെ ആഴ്ചകളായി നട്ടംതിരിയുകയാണ്. അടിയുറച്ച സംഘ്പരിവാറുകാരനും ഗുജറാത്ത് സ്വദേശിയുമായ പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതു മുതൽ ലക്ഷദ്വീപ് ജനത നേരിടുന്ന കടുത്ത ദുരനുഭവങ്ങളുടെ ഭാഗമാണ് യാത്രാ ക്ലേശം.
ഏഴ് കപ്പലുകൾ കൊച്ചി-ലക്ഷദ്വീപ്, ബേപ്പൂർ‑ലക്ഷദ്വീപ് റൂട്ടിൽ നേരത്തെ സർവീസ് നടത്തിയിരുന്നു. അവയുടെ എണ്ണം ഇപ്പോൾ മൂന്നായി. പട്ടേൽ ദ്വീപിൽ കാലുകുത്തിയതിന്റെ പിന്നാലെ ബേപ്പൂരുമായുള്ള യാത്രാബന്ധം അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിൽ ഒരു കപ്പൽ എന്ന കണക്കിൽ നിലവിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് മാത്രമായി സർവീസ് പരിമിതപ്പെടുത്തി.

വിദഗ്ധ ചികിത്സയ്ക്കു സൗകര്യമുള്ള ആശുപത്രികളില്ലാത്ത ലക്ഷദ്വീപിൽ നിന്ന്, അതിനായി കൊച്ചിയിലും മംഗലാപുരത്തും മറ്റുമുള്ള ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് മടക്കയാത്ര പേടിസ്വപ്നമാണ്. ടിക്കറ്റ് എടുത്ത് മടക്കയാത്രയ്ക്ക് കാത്തിരിക്കുമ്പോഴാവും യാത്രാക്കപ്പൽ റദ്ദാക്കിയെന്ന അറിയിപ്പ്. പിന്നെ ലോഡ്ജുകൾ അന്വേഷിക്കുക മാത്രം ശരണം. വിദ്യാർത്ഥികളുടെയും വിവിധ പരീക്ഷകൾക്കായി കൊച്ചിയിലും ബംഗളൂരുവിലും മറ്റും എത്തുന്നവരുടെയും അവസ്ഥയും ഇതു തന്നെ. ഏതാണ്ട് 4000ത്തോളം ദ്വീപുകാരാണ് കൊച്ചി, ബേപ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽ മടക്കയാത്രകാത്ത് കഴിയുന്നതെന്നാണ് വിവരം. 

700 പേർക്ക് കയറാവുന്ന എം വി കവരത്തിയും 400 സീറ്റുകൾ വീതമുള്ള എം വി കോറൽ, എം വി ലഗൂൺസ് എന്നിവയുമാണ് നിലവിലുള്ള യാത്രാക്കപ്പലുകള്‍. ഇതിൽ എം വി കവരത്തി ഒരു വർഷം മുമ്പ് യാത്രയ്ക്കിടെ എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായതോടെ കേടുപാടുകൾ തീര്‍ക്കാനായി പിൻവലിച്ചു. ഈ മാസം 24ന് സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും യാത്ര വീണ്ടും നീട്ടി. ടിക്കറ്റ് എടുത്ത് കാത്തിരുന്നവർ ത്രിശങ്കുവിലുമായി. സാധാരണ ഗതിയിൽ, ഓൺലൈൻ ടിക്കറ്റുകളും അഡ്മിനിസ്ട്രേഷൻ, പോർട്ട്, മെഡിക്കൽ ക്വാട്ടയും വിനോദ സഞ്ചാരികൾക്കുള്ള വകയും കഴിഞ്ഞാൽ അവശേഷിക്കുന്ന നാമമാത്രമായ ടിക്കറ്റുകളേ വിദ്യാർത്ഥികളും പരീക്ഷാർത്ഥികളും അധ്യാപകരും ജോലിക്കാരും വിവിധ ആവശ്യങ്ങൾക്കായി കരയിലെത്തുന്നവരുമായ ലക്ഷദ്വീപുകാർക്ക് ലഭിക്കൂ. ബേപ്പൂരും ബംഗളൂരുവിലും ഓരോ ടിക്കറ്റ് കൗണ്ടറുകളുണ്ട്. അവിടെ പരിമിതമായ രീതിയിൽ ലക്ഷദ്വീപിലേക്ക് ടിക്കറ്റ് കിട്ടും. പക്ഷേ, കപ്പൽ കയറണമെങ്കിൽ കൊച്ചിയിലെത്തണം, അതും യാത്ര തരപ്പെടുമെന്ന യാതൊരുറപ്പുമില്ലാതെ. 

എം വി കവരത്തി ഉൾപ്പെടെ കൊച്ചിയിൽ നിന്നുള്ള നാല് കപ്പലുകൾ സർവീസിലേക്ക് ഉടൻ തിരിച്ചെത്തുമെന്നാണ് അധികൃത ഭാഷ്യം. അപ്പോഴും നിർത്തലാക്കിയ ബേപ്പൂർ കപ്പലിനെക്കുറിച്ച് മിണ്ടാട്ടമില്ല. നേരത്തേയുണ്ടായിരുന്ന, ബേപ്പൂർ കപ്പലടക്കമുള്ള ഏഴെണ്ണവും സർവീസ് പുനഃരാരംഭിക്കുകയും കൊച്ചിയോട് അടുത്തു കിടക്കുന്ന ചെറു ദ്വീപുകളിലേക്ക് 200ൽ താഴെ ആളുകൾക്ക് യാത്ര ചെയ്യാവുന്ന യന്ത്രവല്‍കൃത യാനങ്ങൾ ആരംഭിക്കുകയും അത്യാധുനിക സൗകര്യങ്ങളുള്ള ഒരാശുപത്രി സ്ഥാപിക്കുകയും ചെയ്താൽ ലക്ഷദ്വീപിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
കൊച്ചിയിൽ നിന്ന് 287 മുതൽ 407 വരെ കിലോമീറ്ററാണ് ദ്വീപുകളിലേക്കുള്ള ദൂരം. ദ്വീപ് ജനതയ്ക്കെതിരെ പ്രതികാര നടപടികൾ ആവർത്തിക്കുന്ന അധികൃത മനോഭാവത്തെ സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജ്മുദ്ദീൻ അപലപിച്ചു. 

Eng­lish Sum­ma­ry: No pas­sen­ger ships: Lak­shad­weep peo­ple is in crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.