
ഇന്ത്യൻ വ്യോമയാന മേഖല വൻ വിപുലീകരണത്തിന് തയ്യാറെടുക്കുമ്പോഴും പൈലറ്റുമാരുടെ കുറവും പരിശീലന സൗകര്യങ്ങളുടെ അഭാവവും രാജ്യത്തിന് വലിയ വെല്ലുവിളിയാകുന്നു. വിമാനക്കമ്പനികൾ ആയിരക്കണക്കിന് പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുമ്പോഴും അവ പറത്താൻ ആവശ്യത്തിന് പൈലറ്റുമാരില്ലാത്ത അവസ്ഥ വരും വർഷങ്ങളിൽ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബോയിങ്, എയർബസ് തുടങ്ങിയ കമ്പനികളിൽ നിന്നായി ഏകദേശം 1,700 പുതിയ വിമാനങ്ങളാണ് ആഭ്യന്തര വിമാനക്കമ്പനികൾ വാങ്ങാൻ ഒരുങ്ങുന്നത്. വരും വർഷങ്ങളിൽ ഈ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ 30,000 പൈലറ്റുമാരുടെ സേവനം ഇന്ത്യക്ക് ആവശ്യമായി വരും. നിലവിൽ രാജ്യത്ത് 834 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വെറും 8,000 പൈലറ്റുമാർ മാത്രമാണുള്ളത്. ഈ പൊരുത്തക്കേട് പരിഹരിച്ചില്ലെങ്കിൽ സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു വിശാഖപട്ടണത്ത് നടന്ന സിഐഐ ഉച്ചകോടിയിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പൈലറ്റ് പരിശീലനത്തിനുള്ള സൗകര്യങ്ങൾ രാജ്യത്ത് വളരെ കുറവാണ്. ഡിജിസിഎ അംഗീകൃതമായ 40 സ്ഥാപനങ്ങൾ മാത്രമാണ് പൈലറ്റ് പരിശീലനത്തിനായി ഇന്ത്യയിലുള്ളത്. എയർക്രാഫ്റ്റ് മെയിന്റനൻസ് എന്‍ജിനീയറിംഗ് പരിശീലനത്തിന് 56 സ്ഥാപനങ്ങളും എയർ ട്രാഫിക് സേവനങ്ങൾക്കായി വെറും മൂന്ന് പരിശീലന കേന്ദ്രങ്ങളും (പ്രയാഗ്‌രാജ്, ഗോണ്ടിയ, ഹൈദരാബാദ്) മാത്രമാണുള്ളത്. വിമാന രക്ഷാപ്രവർത്തനത്തിലും അഗ്നിശമന സേനയിലും പരിശീലനം നൽകാൻ ഡൽഹിയിലും കൊൽക്കത്തയിലുമുള്ള രണ്ട് കേന്ദ്രങ്ങൾ മാത്രമാണ് നിലവിലുള്ളത്.
അടുത്ത പത്തുവർഷത്തെ വ്യോമയാന ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് നിലവിലെ പരിശീലന ശേഷി വർധിപ്പിക്കുന്നതിനെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ നടന്നിട്ടില്ലെന്ന് സർക്കാർ പാർലമെന്റിൽ സമ്മതിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയോ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയോ പുതിയ വിമാന പരിശീലന സ്ഥാപനങ്ങൾ തുടങ്ങാൻ നിലവിൽ നിര്‍ദേശങ്ങളൊന്നുമില്ലെന്ന മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വ്യോമയാന മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. ഡ്രോൺ പ്രവർത്തനങ്ങൾക്കായി 233 സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും യാത്രാവിമാനങ്ങളുടെ കാര്യത്തിൽ ഗൗരവകരമായ ആസൂത്രണം ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.
നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് പരിശീലനം ലഭിച്ച ജീവനക്കാരില്ലാതെ വ്യോമയാന മേഖലയുടെ വളർച്ച അസാധ്യമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ വിമാനങ്ങൾ എത്തുമ്പോൾ അവ പ്രവർത്തിപ്പിക്കാൻ വിദേശ പൈലറ്റുമാരെ ആശ്രയിക്കേണ്ടി വരുന്നത് വിമാനക്കമ്പനികളുടെ ചെലവ് വർധിപ്പിക്കാനും ടിക്കറ്റ് നിരക്കുകൾ കൂടാനും കാരണമായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.