18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

ഇവിഎം-വിവിപാറ്റ് പൊരുത്തക്കേടിന് മറുപടിയില്ല

ലോക്‌സഭയ്ക്ക് നല്കിയ ഉറപ്പില്‍ നാലുവര്‍ഷമായി നടപടിയില്ല
തെരഞ്ഞെടുപ്പ് കമ്മിഷനും നിയമമന്ത്രാലയവും സഹകരണമില്ലെന്നും ബിജെപി നേതാവ് അധ്യക്ഷനായ സമിതി 
Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 10:33 pm

2019 പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനി(ഇവിഎം)ലെയും വിവിപാറ്റ് അഥവാ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലിലേയും പൊരുത്തക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് നാലുവര്‍ഷം കഴിഞ്ഞിട്ടും മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമ മന്ത്രാലയത്തിന്റെ പാലിക്കപ്പെടാത്ത ഉറപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജനറല്‍ അഷ്വറന്‍സ് സമിതി ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചു.
ഇവിഎമ്മും രസീത് സംവിധാനമായ വിവിപാറ്റും തമ്മിലുള്ള പൊരുത്തക്കേടുകള്‍ സംബന്ധിച്ച നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കപ്പെട്ടത്. ഇതിനാണ് നാലുവര്‍ഷം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തത്. അപാകതകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആരായുമെന്ന് നാല് വര്‍ഷം മുൻപ് നിയമമന്ത്രാലയം അറിയിച്ചിരുന്നതായി സമിതി ചൂണ്ടിക്കാട്ടി.
2019 തെരഞ്ഞെടുപ്പില്‍ ഇവിഎമ്മും വിവിപാറ്റും പരിശോധിച്ചതില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ നടന്നിരുന്നോ, നടന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന 2019 ജൂണ്‍ 26ലെ ചോദ്യത്തിന് വിവരം ശേഖരിച്ച് സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല.
പൊരുത്തക്കേടുകള്‍ കണ്ടുപിടിക്കേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്കും സത്യനിഷ്ഠക്കും അനിവാര്യമാണെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഇവിഎം ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ വിവിപാറ്റ് സംവിധാനം നടപ്പിലാക്കിയിരുന്നു. എന്നാല്‍ അവയുടെ കൃത്യത ഉറപ്പാക്കാൻ നടപടികള്‍ സ്വീകരിച്ചില്ല എന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചില്ല എന്നത് ആശങ്കാജനകമാണെന്നും കമ്മിറ്റി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 2020 മാര്‍ച്ച് 12ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 3, 2021 ഫെബ്രുവരി 19, ഒക്ടോബര്‍ ഏഴ് തീയതികളില്‍ വിഷയം വീണ്ടും ശ്രദ്ധയില്‍പെടുത്തിയതായും ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ലെന്ന് നിയമവകുപ്പ് സെക്രട്ടറി ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. വിവരങ്ങള്‍ നല്‍കുന്നതിനായി മന്ത്രാലയത്തിന് കമ്മിറ്റി ഒരു മാസം സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും നിയമമന്ത്രാലയവും തമ്മിലുള്ള സഹകരണകുറവാണ് വിവരം ലഭ്യമാകുന്നതിലെ കാലതാമസത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയ കമ്മിറ്റി സംഭവത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ താമസമില്ലാതെ വിവരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ടുചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒരു പേപ്പര്‍ സ്ലിപ്പില്‍ ഏഴ് സെക്കൻഡ് വോട്ടര്‍ക്ക് ദൃശ്യമാകുകയും ശേഷം ബോക്സിലേക്ക് വീഴുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. ഇവിഎമ്മുകളിലെയും വിവിപാറ്റ് സ്ലിപ്പുകളിലെയും വോട്ടുകള്‍ ഒത്തുനോക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പരമോന്നത കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിരുന്നു.

eng­lish sum­ma­ry; No reply for EVM-VVPAT mismatch
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.