7 January 2026, Wednesday

Related news

January 3, 2026
December 18, 2025
December 14, 2025
December 11, 2025
December 10, 2025
December 10, 2025
December 1, 2025
November 25, 2025
November 8, 2025
October 30, 2025

വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
October 17, 2025 7:28 pm

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊച്ചി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണ്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മർദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ തുല്യ ഉത്തരവാദിത്തമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വേണം പ്രവർത്തിക്കാൻ. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങളിൽ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനോ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.